InternationalLatest

തിരശ്ശീലയ്ക്കു പിന്നിൽ റഷ്യ?; മോദിയെയും ഷിയെയും സമാധാനിപ്പിക്കാന്‍ പുടിൻ

“Manju”

 

ന്യൂഡൽഹി• അതിർത്തിയിലെ പ്രശ്നങ്ങളെത്തുടർന്ന് ഇന്ത്യ – ചൈന ബന്ധം വഷളായത് ലഘൂകരിക്കാൻ റഷ്യ ഇടപെടുന്നതായി സൂചന. രണ്ട് ആണവ ശക്തികളും ചേർന്നുണ്ടാകുന്ന ഉരസലുകൾ രാജ്യാന്തര തലത്തിൽ ആശങ്കയുളവാക്കുന്നുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ചൈനീസ് സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി എന്നിവരുൾപ്പെടുന്ന ത്രികക്ഷി റിക് (റഷ്യ, ഇന്ത്യ, ചൈന) ഉച്ചകോടിക്കു മുന്നോടിയായി ഇരു രാജ്യങ്ങള്‍ക്കിടയിലെ സംഘർഷം മയപ്പെടുത്താനാണ് റഷ്യയുടെ ശ്രമെന്നാണ് വിവരം. 23നാണ് യോഗം നടക്കേണ്ടത്.

ജൂൺ 17ന് തന്നെ റഷ്യ ഇക്കാര്യത്തിൽ ഇടപെട്ടു തുടങ്ങിയിരുന്നു. റഷ്യയിലെ ഇന്ത്യൻ അംബാസഡർ ഡി. ബാല വെങ്കടേഷ് വർമയുമായി റഷ്യൻ വിദേശകാര്യ ഉപമന്ത്രി ഇഗോർ മോർഗുലോവ് ചർച്ച നടത്തിയിരുന്നു. ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ ചൈനയുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച.

അതേസമയം, ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ റഷ്യൻ വിദേശകാര്യമന്ത്രാലയം തയാറായില്ല. എന്നാൽ ആഗോളതലത്തിൽ റഷ്യയ്ക്ക് പല കാര്യങ്ങളിലും ‘ഉയർന്ന സ്വാധീനം’ ചെലുത്താൻ കഴിയുമെന്ന് മന്ത്രാലയ വൃത്തങ്ങൾ ദേശീയമാധ്യമമായ ‘ദി ഹിന്ദു’വിനോടു അറിയിച്ചു.

‘ഇന്ത്യയും ചൈനയുമായുള്ള മികച്ച ബന്ധം യുറേഷ്യയുടെ ഉയർച്ചയുടെ കേന്ദ്രബിന്ദുവാണ്. മാത്രമല്ല, നിലവിൽ ഏകമാനമുള്ള ലോകക്രമത്തിനു പകരമായി വിവിധ മാനങ്ങളുള്ള ലോകക്രമത്തിന്റെ ഉയർച്ചയാണത്’ – ചർച്ചകളെക്കുറിച്ചു വ്യക്തതയുള്ള ഒരു നയതന്ത്രജ്ഞൻ പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുൾപ്പെടുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) കേന്ദ്രീകൃത സ്വഭാവത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ‘പാശ്ചാത്യ ആഗോള വ്യവസ്ഥ’യ്ക്കെതിരെ നിൽക്കുന്നതിന്റെ പ്രതീകം കൂടിയാണ് ഈ രാജ്യങ്ങളെന്ന് സെൻട്രൽ ഏഷ്യൻ റിപ്പബ്ലിക്കുകൾ കാണുന്നു.

ഇന്ത്യ, ചൈന രാജ്യങ്ങൾക്കിടയിലെ സംഘർഷം എസ്‌സിഒയ്ക്കുമേൽ കരിനിഴൽ വീഴ്ത്തും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (ബ്രിക്സ്) രാജ്യങ്ങൾക്കുകീഴിൽ ഉയർന്നു വരുന്ന സമ്പദ്‌വ്യവസ്ഥകളെയും ഇതു മോശമായി ബാധിക്കും’ – അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്തു.

എന്നാൽ ഇരു രാജ്യങ്ങൾതമ്മിലുള്ള വിഷയം തീർക്കാൻ അവർക്ക് അറിയാമെന്നും തങ്ങൾ തിരശ്ശീലയ്ക്കുപിന്നിൽനിന്നു വഴിയൊരുക്കിക്കൊടുക്കുകയേ ഉള്ളൂവെന്നും റഷ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. ഇന്ത്യ – ചൈന അതിർത്തി വിഷയം ആശങ്കപ്പെടുത്തുന്നതാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് ബുധനാഴ്ച പറഞ്ഞിരുന്നു.

കോവിഡ്–19മായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും നിരവധി തവണ ഈ മാസങ്ങളിൽ പരസ്പരം വിളിച്ചിട്ടുണ്ടെന്നാണ് വിവരം. റിക് ഉച്ചകോടിയിൽനിന്ന് ഇന്ത്യയോ ചൈനയെ പിന്മാറുന്നത് മേഖലയിലെ സ്ഥിരതയെ ബാധിക്കും. ഇതൊഴിവാക്കാനാണ് റഷ്യ ഇടപെടുന്നതെന്നാണ് സൂചന. ഈ വർഷം അവസാനത്തോടെ എസ്‌സിഒ, ബ്രിക്സ് ഉച്ചകോടികളും റഷ്യയിൽ നടക്കാനിരിക്കുകയാണ്.

Related Articles

Back to top button