India

പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡി.

“Manju”

വിദേശത്ത് നിന്നും സമാഹരിച്ച പണം കേരളത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.

ന്യൂഡൽഹി: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഭീകര പരിശീലനത്തിനായാണ് പോപ്പുലർ ഫ്രണ്ട് ധനസമാഹരണം നടത്തുന്നതെന്ന് ഇഡി അറിയിച്ചു. സാമ്പത്തിക കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് എൻഫോഴ്‌സ്‌മെന്റിന്റെ വെളിപ്പെടുത്തൽ.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് കെ.എ റൗഫ് ഷെരീഫിന്റെ ജാമ്യാപേക്ഷയെ ഇഡി എതിർത്തു. വിദേശത്തു നിന്നും സംശയാസ്പദമായ രീതിയിൽ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വൻ തോതിൽ പണം എത്തിയതായും അന്താരാഷ്ട്ര വാണിജ്യ ഇടപാടുകളെ മറയാക്കിയാണ് സാമ്പത്തിക ഇടപാട് നടന്നതെന്നും ഇഡി കോടതിയെ അറിയിച്ചു.

2013ൽ എൻഐഎ സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടിയ ഇഡി കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉപയോഗിച്ച് പരിശീലനം നടത്തിയ കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മതവിദ്വേഷം വളർത്തുക വഴി സമാധാനവും ഐക്യവും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോപ്പുലർ ഫ്രണ്ട് ഇത്തരം ക്യാമ്പുകൾ നടത്തുന്നത്. അന്വേഷണത്തിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള നിരവധി ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് വിവരം ലഭിച്ചെന്നും ഇവയെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ഇഡി അറിയിച്ചു.

അടുത്തിടെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയെന്ന് ഇഡി കോടതിയെ അറിയിച്ചു. വിവിധ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും സംഘടനയുമായി ബന്ധമുള്ളവരുടെ വീടുകളിലും നടത്തിയ പരിശോധനയിൽ വിദേശത്തു നിന്നും വലിയ രീതിയിൽ ധനസമാഹരണം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും സമാനമായ രീതിയിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നും പണം സ്വീകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഇഡി കെ.എ റൗഫ് ഷെരീഫിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button