LatestSports

ജംഷദ്‌പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

“Manju”

നീണ്ട ഇടവേളയ്ക്കുശേഷം, വാസ്‌കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെയുള്ള മത്സരത്തിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ് ജംഷദ്‌പൂർ എഫ്‌സി. എന്നാൽ ഒഡീഷ എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ 4-2 ന് തോൽവി വഴങ്ങിയതിനു ശേഷം വെറും മൂന്നുദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്.

ഐ‌എസ്‌എല്ലിലെ ഏഴാം സീസണിൽ ഒൻപതു മത്സരങ്ങളിൽ നിന്നായി മൂന്നു വിജയവും നാല് സമനിലയും രണ്ടു തോൽവിയുമായി നിലവിൽ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ജംഷദ്‌പൂർ എഫ്‌സി. ഒൻപതു മത്സരങ്ങളിൽ നിന്നായി ഒരു വിജയവും മൂന്നു സമനിലയും അഞ്ചു തോൽവിയുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ ആറു മത്സരങ്ങളിൽ നിന്നായി രണ്ടു വിജയവും നാലു സമനിലകളുമായി കണക്കുകൾ ജംഷഡ്‌പൂരിന് അനുകൂലമാണ്. ഇതുവരെ ബ്ലാസ്റ്റേഴ്സിനെതിരായി 10 ഗോളുകളും ടീം നേടിയിട്ടുണ്ട്.

“ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയാണ്, ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഒന്നോ രണ്ടോ കളിക്കാർ മടങ്ങിയെത്തുന്നുണ്ട്‌. പിച്ചിൽ ഞങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം പരമാവധി പരിശ്രമിച്ച് എല്ലാ മത്സരങ്ങളും ഞങ്ങൾക്ക് വിജയിക്കേണ്ടതായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് അപകടകരമായ എതിരാളികളായിരിക്കും. ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച രീതിയിലാണ് കളത്തിലിറങ്ങുന്നെതെന്നു ഉറപ്പാക്കേണ്ടതുണ്ട്, ”ജംഷദ്‌പൂർ ഹെഡ് കോച്ച് ഓവൻ കോയിൽ മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചുള്ള തന്റെ റെക്കോർഡ് കോയിലിന് ആത്മവിശ്വാസം നൽകുന്നതാണ്. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മുൻ മത്സരങ്ങളിൽ മുൻ ചെന്നൈയിൻ എഫ്‌സി പരിശീലകനായ കോയിലിന് മികച്ച ചരിത്രമാണുള്ളത്. ജംഷദ്‌പൂരിന്റെ താരമായ നെറിജസ് വാൽസ്കിന്റെ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരങ്ങളിലെ മുൻകാല നേട്ടങ്ങളും മികച്ചതാണ്. ഈ സീസണിൽ ഇതുവരെ ആറ് ഗോളുകൾ നേടിയ നെറിജസ് വാൽസ്കിസിന് ചെന്നൈയിൻ എഫ്‌സിക്കൊപ്പമുള്ള അവസാന സീസണിൽ ബ്ലാസ്റ്റേഴ്സിനെതിരെ അഞ്ച് ഗോളുകൾ നേടാനായിരുന്നു. എന്നാൽ ജംഷദ്‌പൂരിന്റെ അവസാന മൂന്ന് മത്സരങ്ങളിൽ ഗോളുകൾ നേടാൻ താരത്തിനായിരുന്നില്ല.

നാളത്തെ മത്സരം വിജയിക്കാൻ സാധിച്ചാൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്താൻ ജംഷെഡ്പൂർ എഫ്സിക്ക് സാധിക്കും. ദുർബലമായ പ്രതിരോധനിരയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രതിസന്ധി. ഈ സീസണിൽ ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ നിന്നായി 17 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര വഴങ്ങിയത്. എതിർ ടീം താരങ്ങളെ മാർക്ക് ചെയ്യുന്നതിൽ വരുത്തിയ പിഴവുകളാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോളുകൾ വഴങ്ങാൻ കാരണമായത്. പ്രതിരോധത്തിലെ പിഴവുകളാണ് ടീമിനെ ഇത്രത്തോളം തോൽവിയിലേക്ക് നയിച്ചത്. ജോർദാൻ മറേയുടെ ഫിനിഷിങ്ങിലെ പിഴവുകളും ടീമിനെ വലയ്ക്കുന്നു. എന്നാൽ പ്രധാന സ്ട്രൈക്കർ ആയ ഗാരി ഹൂപ്പർ അവസാന മത്സരത്തിൽ മടങ്ങിയെത്തിയതും ഗോളടിച്ചതും ബ്ലാസ്റ്റേഴ്സിന് ആശ്വാസം പകരുന്ന കാര്യമാണ്. ജോർദാൻ മുറേ മൂന്ന് ഗോളുകളും, ഗാരി ഹൂപ്പർ രണ്ട് ഗോളുകളുമാണ് ഇതുവരെ നേടിയിട്ടുള്ളത്. അതെ സമയം ടീമിന്റെ മധ്യനിര മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. മധ്യനിരയിൽ ഫക്കുണ്ടോ പെരേര, വിസെന്റെ ഗോമസ് എന്നീ താരങ്ങൾക്ക് മികച്ച പ്രകടനമാണ് നടത്തുന്നത്.

ഒഡീഷ എഫ്‌സിക്കെതിരെയുള്ള രാത്രി ദുഷ്‌കരമായിരുന്നു. ആ മത്സരം മുതൽ ഞങ്ങൾ ഒരുങ്ങുകയാണ്. ഞങ്ങൾ ഇന്നലെ നല്ല പരിശീലനം നേടി, ഇന്ന് ഞങ്ങൾ പരിശീലനത്തിന് പോകുന്നു. ഫുട്ബോളിൽ, ഞങ്ങൾ ഒരു നല്ല ടീമാണെന്ന് കാണിക്കേണ്ടതുണ്ട്. ഞങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ ടീമിന് മികച്ച ഫലങ്ങൾ നേടാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്” കോച്ച് കിബു വികുന പറഞ്ഞു.

Related Articles

Back to top button