InternationalLatest

കാണാതായ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സുകൾ കണ്ടെത്തി;

“Manju”

ജക്കാർത്ത: കഴിഞ്ഞ ദിവസം തകർന്നു വീണ ജക്കാർത്ത വിമാനത്തിന്റെ ബ്ലാക് ബോക്‌സുകൾ കണ്ടെത്തി. തെരച്ചിലിനിടെ രണ്ട് ബ്ലാക് ബോക്‌സുകളാണ് കണ്ടെത്തിയത്. വിമാനത്തിന്റെയും യാത്രക്കാരുടെയും കൂടുതൽ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ബ്ലാക് ബോക്‌സുകൾ കണ്ടെത്തിയ വിവരം ദേശീയ ഗതാഗത സുരക്ഷാ സമിതിയാണ് അറിയിച്ചത്. പ്രദേശത്ത് നാവിക സേനയും ദുരന്ത നിവാരണ സേനയും ചേർന്ന് തെരച്ചിൽ തുടരുകയാണ്.

12 ജീവനക്കാരുൾപ്പെടെ 62 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് കുടുംബാംഗങ്ങളിൽ നിന്നും ശേഖരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജക്കാർത്തയിലെ സോക്കർനോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ശ്രീവിജയ എയർ എസ്ജെ 182 ബോയിംഗ് 737-500 വിമാനം പോണ്ടിയാനകിലേക്ക് തിരിച്ചത്. എന്നാൽ പറന്നുയർന്ന് നാലുമിനിറ്റനകം വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വൈകീട്ട് അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ വിമാനം തകർന്നതായി സ്ഥിരീകരിക്കുകയായിരുന്നു.

ജക്കാർത്തൻ തീരത്തെ ദ്വീപ സമൂഹങ്ങൾക്കിടയിലെ ജാവ കടലിൽ നിന്നുമാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ യാത്രക്കാരുടെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു. തെരച്ചിലിനിടെ നാവിക സേനയ്ക്ക് വിമാനത്തിൽ നിന്നും സിഗ്നലുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ കടലിൽ നിന്നും 23 മീറ്റർ ആഴത്തിൽ നിന്നുമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. സംഭവ സമയത്ത് പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളിൽ നാവിക സേന വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഉച്ചയ്ക്ക് 2.30 ഓടെ ഭയാനകമായ ശബ്ദം കേട്ടതായി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു.

2018 ന് ശേഷം ഇന്തോനേഷ്യയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ വിമാന ദുരന്തമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 2018 ൽ 189 യാത്രക്കാരുമായി പോയ ലിയോൺ എയർ ബോയിംഗ് 737 മാക്‌സ് വിമാനം ജാവ കടലിൽ തകർന്ന് വീണിരുന്നു.

Related Articles

Back to top button