KeralaLatest

പട്ടികജാതി കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടികളോടുള്ള കരുതലുമായി വാത്സല്യനിധി പദ്ധതി

“Manju”

സിന്ധുമോൾ. ആർ

കോട്ടയം: പട്ടികജാതി കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടികളോടുള്ള കരുതലുമായി വാത്സല്യനിധി പദ്ധതിയുമായി സര്‍ക്കാര്‍. പെണ്‍കുട്ടികള്‍ക്ക് 18 വയസ്സാകുമ്പോള്‍ കയ്യില്‍ മൂന്ന് ലക്ഷം രൂപ കിട്ടുന്ന പദ്ധതിയാണിത്. അച്ഛനമ്മമാര്‍ തങ്ങളുടെ കയ്യില്‍ നിന്നും പത്ത് പൈസ പോലും ഈ പദ്ധതിയിലംഗമാകാന്‍ മുടക്കേണ്ട. എല്‍ഐസിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും.

നാലര വര്‍ഷം മുന്നേ ഈ പദ്ധതി നിലവില്‍ വന്നെങ്കിലും ഇതേ കുറിച്ച്‌ അറിയാത്തവര്‍ നിരവധിയാണ്. 12,121 പേര്‍ മാത്രമാണ് ഈ പദ്ധതിയില്‍ ഇതുവരെ അംഗങ്ങളായിട്ടുള്ളത്. ഇവര്‍ക്കായി 47.27 കോടി രൂപ എല്‍.ഐ.സി.യില്‍ പ്രീമിയമായി സര്‍ക്കാര്‍ അടച്ചു. ഒരു രൂപപോലും സ്വന്തം കൈയില്‍നിന്ന് രക്ഷിതാക്കള്‍ പ്രീമിയം അടയ്ക്കേണ്ട. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് വാത്സല്യനിധി പദ്ധതിയില്‍ ചേരാവുന്നത്. ജനിച്ച്‌ ഒന്‍പതുമാസത്തിനകം രക്ഷിതാക്കള്‍ അപേക്ഷിക്കണം.

പെണ്‍കുട്ടി ജനിച്ച്‌ ഒന്‍പതു മാസം പൂര്‍ത്തിയാകുമ്പോള്‍ ആദ്യഗഡുവായി 39,000 രൂപ പട്ടികജാതി വികസനവകുപ്പ് എല്‍.ഐ.സി.യില്‍ നിക്ഷേപിക്കും. രണ്ടാം ഗഡുവായ 360,00 രൂപ അഞ്ച് വയസ്സ് പൂര്‍ത്തിയായി പ്രൈമറി സ്‌കൂളില്‍ പ്രവേശനം നേടുമ്പോള്‍. 10 വയസ്സ് പൂര്‍ത്തിയായി അഞ്ചാം ക്ലാസില്‍ പ്രവേശനം നേടുമ്പോള്‍ മൂന്നാം ഗഡുവായ 33,000 രൂപയും 15 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നാലാം ഗഡുവായ 30,000 രൂപയും നിക്ഷേപിക്കും. ഇക്കാലയളവില്‍ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എല്ലാ പ്രതിരോധ കുത്തിവെയ്പുകളും കുട്ടികള്‍ക്ക് നല്‍കിയതിന്റെ രേഖകള്‍ യഥാസമയം എല്‍.ഐ.സി.ക്ക് നല്‍കണം.

ബ്ലോക്ക് ഓഫീസ്, നഗരസഭ, കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാം. പട്ടികജാതി വികസന ഓഫീസിലും അപേക്ഷിക്കാം. പഞ്ചായത്തുകളില്‍ അപേക്ഷ സ്വീകരിക്കുന്നില്ല. പഞ്ചായത്ത് പരിധിയിലുള്ളവര്‍ ബ്ലോക്കിലോ പട്ടികജാതി വികസന ഓഫീസിലോ അപേക്ഷിക്കണം. ജനന സര്‍ട്ടിഫിക്കറ്റ്, ഡോക്ടറുടെ പ്രതിരോധ കുത്തിവെയ്പ് സാക്ഷ്യപത്രം, രക്ഷിതാക്കളുടെ തിരിച്ചറിയല്‍ രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ. ഈ പദ്ധതിയില്‍ അംഗമാകുന്നവരുടെ കുടുംബത്തിനുള്‍പ്പെടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പോളിസി ഉടമയുടെ അപകടമരണത്തിന് നാലു ലക്ഷം, സാധാരണ മരണത്തിന് രണ്ടു ലക്ഷം, അപകടത്തില്‍ അംഗവൈകല്യം-ഒരു ലക്ഷം, പൂര്‍ണ അംഗവവൈകല്യം-രണ്ടു ലക്ഷം, രക്ഷിതാവിന്റെ മരണം-30,000 എന്നിങ്ങനെയാണ് പരിരക്ഷ.

Related Articles

Back to top button