KannurKeralaLatest

രാജ്യാന്തര ചലച്ചിത്ര മേളയെ വരവേല്‍ക്കാന്‍ തലശ്ശേരി ഒരുങ്ങുന്നു

“Manju”

സിന്ധുമോൾ. ആർ

കണ്ണൂര്‍: ജില്ലയിലാദ്യമായി വിരുന്നെത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയെ വരവേല്‍ക്കാന്‍ തലശ്ശേരി ഒരുങ്ങുന്നു. 46 ദിവസങ്ങള്‍ക്ക് ശേഷം ജില്ലയിലാദ്യമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയെ അവിസ്മരണീയമാക്കാനുളള തയ്യാറെടുപ്പിലാണ് സിനിമാ ആസ്വാദകര്‍. രാജ്യാന്തര ചലച്ചിത്ര മേള സ്വന്തം നാട്ടിലിരുന്ന് നേരിട്ട് കാണാനുളള അപൂര്‍വ്വ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ജില്ലയിലെ സിനിമാസ്വാദകര്‍. തലശ്ശേരി പോലുളള അസൗകര്യം നിറഞ്ഞ നഗരത്തില്‍ മേളവെയ്ക്കുന്നതിനെ ചൊല്ലി ഭിന്നാഭിപ്രായം പൊതു സമൂഹത്തിലും ഭരണതലത്തിലും നിലനില്‍ക്കുന്നുണ്ടെങ്കിലും സിനിമാ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെയാണ് മേളയെ നോക്കിക്കാണുന്നത്. ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് തലശ്ശേരിയില്‍ ചലച്ചിത്രമേള നടക്കുക. തലശ്ശേരി ലിബര്‍ട്ടി കോംപ്ലക്‌സിലെ 5 തിയറ്ററുകളിലാണ് സിനിമാ പ്രദര്‍ശനം നടക്കുക. ഒരു ദിവസം ഒരു തിയറ്ററില്‍ 4 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. 80 സിനിമകളാണ് തലശ്ശേരിയില്‍ പ്രദര്‍ശിപ്പിക്കുക.

ഓരോ തിയറ്ററിലും 200 പേര്‍ക്ക് വീതമാണ് പ്രവേശനം. കോവിഡ് സാഹചര്യത്തില്‍ പ്രതിനിധി ഫീസ് കുറച്ചിട്ടുണ്ട്. പൊതുവിഭാഗത്തില്‍ 750, വിദ്യാര്‍ഥികള്‍ക്ക് 400 രൂപയാണ് ഫീസ്. കഴിഞ്ഞ വര്‍ഷം ഇതു യഥാക്രമം 1000, 500 രൂപയായിരുന്നു. തിയറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പര്‍ ഉള്‍പ്പെടെ റിസര്‍വേഷനില്‍ ലഭിക്കും. തെര്‍മല്‍ സ്‌കാനിങ് നടത്തിയതിനു ശേഷമായിരിക്കും പ്രവേശനം. ഓരോ പ്രദര്‍ശനത്തിന് ശേഷവും തിയറ്റര്‍ സാനിറ്റൈസ് ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സീറ്റ് നല്‍കുന്നത്. മേളയ്ക്ക് എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് തിയറ്റര്‍ കോംപ്ലക്‌സിന് ചുറ്റും സ്വകാര്യ വ്യക്തികളുടെ സ്ഥലം സജ്ജീകരിക്കും. വാഹനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. താമസത്തിന് സമീപത്ത് ലോഡ്ജുകള്‍ ഉണ്ട്. മേളയില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം ചെലവില്‍ താമസ സൗകര്യം കണ്ടെത്താനാണ് അധികൃതരുടെ നിര്‍ദ്ദേശം.

മേളയ്ക്ക് എത്തുന്നവര്‍ക്കായി പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്. രാത്രി 9.30 ആവുമ്പോഴേക്കും പ്രദര്‍ശനം അവസാനിക്കും. ഇതു കഴിഞ്ഞാല്‍ കോഴിക്കോട്ടേക്കും കാസര്‍കോടേക്കും സ്‌പെഷല്‍ ബസ് ഓടിക്കാനുള്ള ശ്രമം നടക്കുന്നതായി ചലച്ചിത്ര അക്കാദമി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഐഎഫ്‌എഫ്‌കെ ഒഴിവാക്കുമോ എന്ന ആശങ്കയ്‌ക്കൊടുവിലാണ് ഏതാനും ദിവസം മുമ്പ് സാംസ്‌ക്കാരിക മന്ത്രി എ.കെ. ബാലന്‍ മേള സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്.

Related Articles

Back to top button