Sports

ട്രാക്കില്‍ വീണിട്ടും പതറിയില്ല, 1500 മീറ്റര്‍ സെമിയിലെത്തിയത് ഒന്നാമതായി

“Manju”

ടോക്കിയോ:വിജയപ്രതീക്ഷയുമായി വനിതകളുടെ 1500 മീറ്റര്‍ ഹീറ്റ്‌സില്‍ മത്സരിക്കാനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന്റെ സിഫാന്‍ ഹസന്‍ ട്രാക്കില്‍ കാലിടറി വീണപ്പോള്‍ ആരാധകര്‍ ഒന്ന് ഞെട്ടി. എന്നാല്‍ വീഴ്ചയില്‍ കൂസാതെ ചാടിയെണീറ്റ സിഫാന്‍ ഹസന്‍ മത്സരം പൂര്‍ത്തിയാക്കിയത് ഒന്നാമതായാണ്. ഈ വീഴ്ചയില്‍ സിഫാന് പരിക്കേറ്റെന്നും, അന്നേ ദിവസം നടക്കാനിരിക്കുന്ന 5000 മീറ്റര്‍ ഫൈനലിന് ഇറങ്ങിയേക്കില്ലെന്നും അഭ്യൂഹമുണ്ടായി. എന്നാല്‍ ആശങ്കകള്‍ക്ക് ഇടം നല്‍കാതെ 5000 മീറ്ററില്‍ മത്സരിക്കാനിറങ്ങിയ സിഫാന്‍ സ്വര്‍ണം നേടി ആരാധകരെ വീണ്ടും ആവേശത്തിലാക്കി. 14 മിനിട്ടും 36.79 സെക്കന്റും എടുത്താണ് സിഫാന്‍ മത്സരത്തില്‍ വിജയിച്ചത്.

വീഴ്ചയില്‍ പതറാതെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ച സിഫാന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. ഹീറ്റ്‌സില്‍ കെനിയന്‍ താരം എഡിന ജെബിട്ടോകയുടെ കാലില്‍ തട്ടിയാണ് സിഫാന്‍ ട്രാക്കില്‍ വീണത്. എഡിനയും വീണു. എന്നാല്‍ ഒരു നിമിഷം പോലും കളയാതെ ചാടിയെഴുന്നേറ്റ സിഫാന്‍ തന്റെ ഓട്ടം തുടര്‍ന്നു. മുന്നില്‍ കയറിയ എതിരാളികളെ എല്ലാം ലക്ഷ്യത്തിലെത്തും മുന്‍പ് സിഫാന്‍ മറികടന്നു. ഓസ്‌ട്രേലിയന്‍ താരം ജെസീക്ക ഹള്‍, അമേരിക്കന്‍ താരം എലിനോര്‍ എന്നിവരെ മറികടന്നാണ് സിഫാന്‍ ഈ ഇനത്തില്‍ സെമിയില്‍ പ്രവേശിച്ചത്.

കാപ്പി കുടിച്ചാണ് താന്‍ വീഴ്ചയുടെ ക്ഷീണം മറികടന്നതെന്ന് സിഫാന്‍ മത്സരശേഷം പറഞ്ഞു. നാളെയാണ് 1500 മീറ്ററിന്റെ സെമി ഫൈനല്‍. ഈ ഒളിമ്പിക്‌സില്‍ ട്രിപ്പിള്‍ സ്വര്‍ണം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ സിഫാന്‍ 10,000 മീറ്ററിലും മത്സരിക്കുന്നുണ്ട്.

Related Articles

Back to top button