IndiaLatest

മൊബൈല്‍ ഫോണിന് വേണ്ടി അച്ഛനെ മകള്‍ കൊന്നു

“Manju”

സിന്ധുമോൾ. ആർ

ബിലാസ്പൂര്‍: മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു വെച്ച അച്ഛനെ മകള്‍ കൊന്നു. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മകളുടെ ഫോണ്‍ പിതാവ് ഒളിപ്പിച്ചു വെച്ചിരുന്നു. ഇത് തിരികെ നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മകള്‍ അച്ഛനെ കൊന്നതെന്ന് പൊലീസ് പറയുന്നു.

ദിവ്യ സരസ്വതി(28) ആണ് മൊബൈല്‍ ഫോണിന് വേണ്ടി സ്വന്തം പിതാവിനെ കൊലപ്പെടുത്തിയത്. അച്ഛന്റെ മൃതദേഹം വീട്ടുമുറ്റത്തു തന്നെയാണ് മറവ് ചെയ്തതും. ഇതിന് സഹായിച്ചത് അമ്മയാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. കൊലപാതകത്തില്‍ ദിവ്യയേയും അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 24 നാണ് സംഭവം നടക്കുന്നത്. ബിലാസ്പൂരിലെ കാഞ്ചന്‍പൂര്‍ ഗ്രാമത്തിലാണ് ദിവ്യ സരസ്വതിയുടെ വീട്. ജനുവരി ഇരുപത്തിമൂന്നിന് ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടില്‍ എത്തിയതായിരുന്നു ദിവ്യ. ദിവ്യയെ വീട്ടില്‍ ആക്കിയതിനു ശേഷം ഭര്‍ത്താവ് തിരികേ പോയി. അടുത്ത ദിവസം രാവിലെ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ കാണാതായി.

തുടര്‍ന്ന് പിതാവ് മംഗ്ലു റാം ദനുബാറിനോട് ഫോണ്‍ ചോദിച്ചു. എന്നാല്‍ മൊബൈല്‍ താന്‍ കണ്ടില്ലെന്നായിരുന്നു പിതാവ് ആദ്യം മകളോട് പറഞ്ഞത്. വീടു മുഴുവന്‍ മൊബൈല്‍ അന്വേഷിച്ചെങ്കിലും ദിവ്യയ്ക്ക് ഫോണ്‍ കണ്ടെത്താനായില്ല. പിന്നീട് താന്‍ മൊബൈല്‍ ഒളിപ്പിച്ചു വെച്ചതാണെന്ന് മംഗ്ലു ദനുബാര്‍ മകളോട് വെളിപ്പെടുത്തി. മകള്‍ തന്റെ ഇഷ്ടത്തിന് വിരുദ്ധമായിട്ടാണ് വിവാഹം ചെയ്തതെന്നും അതിനാലാണ് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതെന്നുമായിരുന്നു പിതാവ് പറഞ്ഞത്. ഫോണ്‍ തിരികേ തരാന്‍ ദിവ്യ ആവശ്യപ്പെട്ടെങ്കിലും മംഗ്ലു അതിന് തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ വാക്കുതര്‍ക്കമുണ്ടായി.

ഇതോടെ കോപാകുലയായ മകള്‍ ആദ്യം വടി ഉപയോഗിച്ച്‌ പിതാവിനെ തല്ലി. പിന്നീട് കല്ലെടുത്ത് തുടര്‍ച്ചയായി ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിതാവ് കൊല്ലപ്പെട്ടതോടെ മൃതദേഹം മറവു ചെയ്യാനായി അടുത്ത ശ്രമം. മംഗ്ലുവിന്റെ ഭാര്യ തന്നെയാണ് മകളെ ഇതിന് സഹായിച്ചത്. വീടിന് മുറ്റത്ത് അമ്മയും മകളും ചേര്‍ന്ന് മംഗ്ലുവിന്റെ മൃതദേഹം സംസ്കരിച്ച്‌ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. അമ്മയും മകളും മുറ്റത്ത് കുഴി കുത്തുന്നത് കണ്ട് സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദിവ്യയേയും അമ്മയേയും പിടികൂടി. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. കൊലപാതകം, തെളിവു നശിപ്പിക്കാന്‍ ശ്രമിക്കല്‍, മനപൂര്‍വമുള്ള ആക്രമണം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ബെല്‍ഗാന പൊലീസ് സ്റ്റേഷനിലെ ഇന്‍ ചാര്‍ജ് ദിനേഷഅ ചന്ദ്ര അറിയിച്ചു.

Related Articles

Back to top button