KeralaLatest

ശമ്പള പരിഷ്‌കരണം ഉത്തരവായി

“Manju”

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണം ഉത്തരവായി. ഫെബ്രുവരി മൂന്നിന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റെ തീരുമാനപ്രകാരമാണിത്. ഫെബ്രുവരി പത്ത് തീയതിവെച്ചാണ് ഉത്തരവ്. 2019 ജൂലൈ ഒന്നുമുതല്‍ പരിഷ്‌കരണത്തിന് പ്രാബല്യമുണ്ട്. അലവന്‍സുകളിലെ വര്‍ധനക്ക് 2021 മാര്‍ച്ച്‌ ഒന്നുമുതലും യൂനിഫോം അലവന്‍സ് അടക്കമുള്ളവക്ക് എല്ലാം ഏപ്രില്‍ ഒന്നുമുതലും യാത്രബത്തക്ക് മാര്‍ച്ച്‌ ഒന്നുമുതലും പ്രാബല്യമുണ്ടാകും. പരിഷ്‌കരിച്ച ശമ്പളം (മാര്‍ച്ചിലേത്) ഏപ്രില്‍ ഒന്നുമുതല്‍ പണമായി നല്‍കും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. 25 ശതമാനം വീതം നാല് പ്രാവശ്യമായാകും ഇത്. 2023 ഏപ്രില്‍ ഒന്ന്, 2023 ഒക്‌ടോബര്‍ ഒന്ന്, 2024 ഏപ്രില്‍ ഒന്ന്, 2024 ഒക്‌ടോബര്‍ ഒന്ന് എന്നിങ്ങനെ. 1-7-19 വരെയുള്ള 28 ശതമാനം ഡി.എ ലയിപ്പിക്കും. അതിനുശേഷമുള്ള ഏഴ് ശതമാനവും അനുവദിക്കും.

ഏപ്രിലിലെ ശമ്പളത്തോടൊപ്പം ക്ഷാമബത്ത കുടിശ്ശിക പി.എഫില്‍ നിക്ഷേപിക്കും. 2024 മാര്‍ച്ച്‌ 31ന് മുമ്പ് പിന്‍വലിക്കാനാകില്ല. ശേഷം 50 ശതമാനം പിന്‍വലിക്കാം. 2025 ഏപ്രില്‍ ഒന്നിന് ശേഷമേ പൂര്‍ണമായി പിന്‍വലിക്കാനാകൂ. 2021 മേയ് 31ന് പി.എഫ് ഇല്ലാത്തവര്‍ക്ക് ജൂലൈക്കുശേഷം പണമായി നല്‍കും. ഏഴ് ശതമാനം ഡി.എ മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം നല്‍കും. അതിന് മുമ്പുള്ളത് അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കും.സ്പാര്‍ക്കില്‍ ലഭ്യമാക്കിയ കോളം അനുസരിച്ചാണ് നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ശമ്പളം പുതുക്കേണ്ടത്.

ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സ്പാര്‍ക്ക് അധികൃതര്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫിസുമായി ബന്ധപ്പെട്ട് മാര്‍ച്ച്‌ പത്തിനകം നടപടിയെടുക്കണം. പങ്കാളിത്ത പെന്‍ഷന്‍ വിഹിതം പുതിയ ശമ്പള നിരക്കിലാകും. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പുതിയ എച്ച്‌.ആര്‍.എയും അനുവദിച്ചു. ഇത് കോര്‍പറേഷനുകളില്‍ അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം (പരമാധി 10,000 രൂപ), ജില്ല ആസ്ഥാനങ്ങളില്‍ എട്ട് (8,000), മറ്റ് മുനിസിപ്പാലിറ്റികളില്‍ ആറ് (6000), പഞ്ചായത്തുകളില്‍ നാല് (4000) എന്നിങ്ങനെയായിരിക്കും. കോര്‍പറേഷന് ഒരു കിലോ മീറ്റര്‍ ചുറ്റളവിലെ ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ളതില്‍ പത്ത് ശതമാനം വര്‍ധന വരും. മാര്‍ച്ച്‌ ഒന്നുമുതല്‍ ഇത് ബാധകമാകും. ഫോറസ്റ്റ് കോംപ്ലക്‌സ് മാത്തോട്ടം, കാക്കനാട് സിവില്‍ സ്‌റ്റേഷന് മൂന്ന് കിലോമീറ്റര്‍ പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവക്കും കോര്‍പറേഷന്‍ നിരക്ക് ലഭിക്കും. ലീവ് ട്രാവല്‍ കണ്‍സഷനിലും മാറ്റമില്ല. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കി. ലീവ് സറണ്ടര്‍ 30 ദിവസമായി തുടരും.

Related Articles

Back to top button