India

മൂന്നാറിൽ തിമിംഗല ഛർദ്ദി വേട്ട: അഞ്ച് പേർ പിടിയിൽ

“Manju”

തേനി: മൂന്നാറിൽ തിമിംഗല ഛർദ്ദിയുമായി അഞ്ചു പേർ വനംവകുപ്പിന്റെ പിടിയിൽ. തേനി ജില്ലയിലെ പെരിയകുളം സ്വദേശികളായ വേൽമുരുകൻ, സേതു, വത്തലഗുണ്ട് സ്വദേശികളായ മുരുകൻ, രവികുമാർ മൂന്നാർ സ്വദേശിയായ മുന്നിയ സ്വാമി എന്നിവരാണ് പിടിയിലായത്. അഞ്ചു കിലോ ആംബർഗ്രിസാണ് ഇവരിൽ നിന്നും വനംവകുപ്പ് പിടിച്ചെടുത്തത്.

മുന്നാറിലെ ലോഡ്ജിൽവെച്ച് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ വനംവകുപ്പിന്റെ കസ്റ്റഡിയിലാവുന്നത്. സംഘത്തെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ആംബർഗ്രിസ് എവിടെ നിന്ന് ലഭിച്ചു എന്നതടക്കം അന്വേഷിക്കേണ്ടതായുണ്ട്. കഴിഞ്ഞ ആഴ്ച്ച കേരളത്തിൽ നിന്നും 30 കോടി രൂപ വിലവരുന്ന ആംബർഗ്രിസ് മൂന്ന് പേരിൽ നിന്നും വനംവകുപ്പ് പിടിച്ചെടുത്തിരുന്നു.

തിമിംഗലത്തിന്റെ ഛർദ്ദിയെയാണ് ആംബർഗ്രിസ് എന്ന് അറിയപ്പെടുന്നത്. ഖരരൂപത്തിൽ മെഴുക് പോലെയാണ് ഇവ കാണപ്പെടുന്നത്. തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹന സഹായിയായ സ്രവങ്ങൾ ഉറഞ്ഞുണ്ടാകുന്ന വസ്തുവാണ് ഇത്. വംശനാശ ഭീഷണി നേരിടുന്ന ജീവിയായതിനാൽ ഇന്ത്യയിൽ ആംബർഗ്രിസ് വിൽപന നിരോധിച്ചിട്ടുണ്ട്. വാങ്ങുന്നതും വിൽക്കുന്നതും കുറ്റകരമാണ്.

Related Articles

Back to top button