KeralaLatest

നാടന്‍കലകളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ദൗത്യം

“Manju”

Image result for നാടന്‍കലകളെ സംരക്ഷിക്കേണ്ടത് കാല ഘട്ടത്തിന്റെ ദൗത്യം

ശ്രീജ.എസ്

കണ്ണൂര്‍: നാടന്‍ കലകളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പയ്യന്നൂരില്‍ നടക്കുന്ന പ്രഥമ രാജ്യാന്തര ഫോക് ലോര്‍ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാര്‍ക്ക് വലിയ സഹായങ്ങളും സംരക്ഷണ പദ്ധതികളും നടപ്പാക്കാന്‍ കഴിഞ്ഞ നാലേ മുക്കാല്‍ വര്‍ഷം കൊണ്ട് സര്‍ക്കാരിന് സാധിച്ചു. അഭിമാനകരമായ നേട്ടങ്ങളാണ് കലാ സാംസ്‌കാരിക രംഗത്ത് കേരളം കൈവരിച്ചു കൊണ്ടിരിക്കുന്നത്. നാടന്‍ കലകളുടെ സംരക്ഷണവും പ്രോത്സാഹനവും ഉറപ്പു വരുത്താന്‍ അന്താരാഷ്ട്ര ഫോക്‌ലോര്‍ മേളകളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പയ്യന്നൂരിനെ രാജ്യാന്തര ഫോക് ലോര്‍ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥിരം വേദിയായി മാറ്റുന്ന രീതിയിലാണ് ഇന്‍ഫോക്ക് 2021 നടത്തുന്നത്. കേരള ഫോക്‌ലോര്‍ അക്കാദമി ആദ്യമായാണ് അന്താരാഷ്ട്ര നാടന്‍കലാ ചലച്ചിത്രമേളസംഘടിപ്പിക്കുന്നത്. പയ്യന്നൂര്‍ ശാന്തി സിനിമാസിലെ രണ്ടു വേദികളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ 17 ഫീച്ചര്‍ സിനിമകളും 17 ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളുമാണ് പ്രദര്‍ശിപ്പിക്കുക.

ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയങ്ങളായ മനോജ് കാനയുടെ കെഞ്ചിര, സന്തോഷ് മണ്ടൂരിന്റെ പനി ഉള്‍പ്പെടെയുള്ള മലയാള സിനിമകളും മറാത്തി, അരുണാചല്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളും ഉള്‍പ്പെട്ട മത്സരവിഭാഗം, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഉള്‍പ്പെട്ട ലോക സിനിമാ വിഭാഗം, അരവിന്ദന്റെ കുമ്മാട്ടി, കെ പി കുമാരന്റെതോറ്റം, എം ടി അന്നൂരിന്റെ കാല്‍ചിലമ്പ്, ഷാനവാസ് നരണിപ്പുഴയുടെ കരി അടക്കമുള്ള സിനിമകള്‍ ഉള്‍പ്പെട്ട ഫോക്കസ് വിഭാഗം എന്നിങ്ങനെ വ്യത്യസ്തമേഖലകളില്‍ നിന്നുള്ള സിനിമകള്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഫിലിംസ് ഡിവിഷന്‍ പാക്കേജ് ഉള്‍പ്പെടെയുള്ള പഴയതും പുതിയതുമായ ഇന്ത്യയിലെ ഫോക് ഡോക്യുമെന്ററികളും മേളയില്‍ ഉണ്ട്. ഏറ്റവും നല്ല ഫീച്ചര്‍, ഡോക്യുമെന്ററി, ഹ്രസ്വ സിനിമകള്‍ക്കുള്ള പുരസ്‌കാരങ്ങളും മേളയില്‍ സമ്മാനിക്കും.മേളയുടെ ഒന്നാം ദിവസം കെ പി കുമാരന്‍ സംവിധാനം ചെയ്ത തോറ്റം, സന്തോഷ് പുതുക്കുന്നിന്റെ മോപ്പാള, നകാം, മിഷിങ് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. കൊവിഡ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഒന്നിടവിട്ടുള്ള സീറ്റുകളില്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഫെബ്രുവരി 21 ന് മേള സമാപിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, സി കൃഷ്ണന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളായി. കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പ്രാര്‍ഥന, ഫോക് ലോര്‍ അക്കാദമി ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ എ വി അജയകുമാര്‍, അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍, ചലച്ചിത്ര പ്രവര്‍ത്തകരായ വിധു വിന്‍സെന്റ്, സന്തോഷ് കീഴാറ്റൂര്‍, ആനന്ദ് പയ്യന്നൂര്‍, സ്‌നേഹ പലിയേരി, പ്രോഗ്രാം കണ്‍വീനര്‍ പത്മനാഭന്‍ കാവുമ്ബായി, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജൂറി അംഗങ്ങള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button