KeralaLatest

മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളോട് സര്‍ക്കാര്‍ കാട്ടുന്നത് ക്രൂരത: കെ.സുരേന്ദ്രന്‍

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളോട് സംസ്ഥാന സര്‍ക്കാരിന്റെ സമീപനം വളരെ ക്രൂരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അവരെ നാട്ടിലെത്തിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ചെയ്യുന്നില്ല. ഇവിടെയെല്ലാം സജ്ജമാണെന്ന് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ കേരളത്തിലേക്ക് വരുന്നതിനെ എന്തിനാണ് ഭയപ്പെടുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ ചോദിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത് കേരളത്തിന്റെ അതിര്‍ത്തികളിലെത്തിയ മലയാളികളെ സാങ്കേതികത്വത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് കേരളത്തിലേക്ക് കടത്തിവിടാത്തത് നീചമായ സമീപനമാണ്. അതിര്‍ത്തികളിലെത്തുന്ന മലയാളികള്‍ക്ക് അവിടെ സൗകര്യങ്ങള്‍ നല്‍കുകയും അവിടെവച്ച് തന്നെ പാസ്സ് നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാകുകയും വേണം. പാസ്സ് വിതരണം നിര്‍ത്തിയതടക്കമുള്ള നടപടികള്‍ നീതീകരിക്കാവുന്നതല്ല. കേരളത്തിലേക്ക് വരുന്നവരെ പ്രതിരോധമാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിരീക്ഷണത്തിലാക്കുകയും രോഗ പരിശോധന നടത്തുകയും ചെയ്യണം. അല്ലാതെ അവരെ അവരുടെ നാട്ടിലേക്ക് കടത്തില്ല എന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
വിദേശ ഇന്ത്യാക്കാരെ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് നാട്ടിലേക്കെത്തിക്കുന്നു. ഇതിനായി വ്യക്തമായ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. അതിനനുസരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അക്കാര്യങ്ങളെ നോക്കിക്കാണുകയും പ്രവാസികള്‍ക്കായി വിലപിക്കുന്നത് തങ്ങളാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളോട് തെല്ലും സ്‌നേഹമില്ലെന്ന് ഇപ്പോള്‍ ബോധ്യമായി. അയല്‍ സംസ്ഥാനങ്ങളില്‍ കുടിങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ബസ്സുകളയക്കണമെന്നും സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യങ്ങളുയര്‍ന്നിട്ടും യാതൊന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലുള്ളവരെ തീവണ്ടിമാര്‍ഗ്ഗം കേരളത്തിലെത്തിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ല. എല്ലാവരും കൂടി കേരളത്തിലേക്ക് വന്നാല്‍ ഇവിടെയുള്ള സൗകര്യങ്ങള്‍ പര്യാപ്തമാവില്ലെന്ന ഭയമാണ് സര്‍ക്കാരിന്. എല്ലാം സജ്ജമാണെന്ന വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുമെന്നും ഭയപ്പെടുന്നു.
കൊറോണ വൈറസ് അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്ന മഹാരാഷ്ട്രയിലെ മലയാളികള്‍ അനുഭവിക്കുന്നത് നരക യാതനയാണ്. മുംബൈയില്‍ ആയിരക്കണക്കിന് മലയാളികളാണ് പാസിനായി കാത്ത് നില്‍ക്കുന്നത്. മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതമനുഭവിച്ച് കഴിയുകയാണ്. ഇവരെയെല്ലാം നാട്ടിലെത്തിക്കേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേരളത്തിലേക്ക് വരാനായി കാത്തു നില്‍ക്കുന്നവര്‍ക്ക് അതിനവസരമൊരുക്കാനുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്നുണ്ടാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button