India

ഇന്ത്യൻ മഹാസമുദ്രം തിളച്ചു മറിയുന്നു ; കാറ്റുകൾ അതിതീവ്ര ചുഴലിക്കാറ്റാകും

“Manju”

സമുദ്ര താപനിലയിലെ വർധനവ് അതിശക്തമായ ചുഴലിക്കാറ്റുകൾക്ക് കാരണമാകുന്നതായി പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയൂടെ പഠന റിപ്പോർട്ട് . ശക്തമായ കാറ്റുകൾ അതിതീവ്ര ചുഴലിക്കാറ്റാകാൻ കുറഞ്ഞ സമയം മാത്രം മതിയെന്നും , ഇന്ത്യൻ മഹാ സമുദ്രത്തിലെയും, അറബിക്കടലിലെയും അതിതീവ്ര ചുഴലിക്കാറ്റുകൾക്കു കാരണം ഈ താപവർധനവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ 6% ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയും ബംഗാൾ ഉൾക്കടലും അറബിക്കടലുമുൾപ്പെടുന്ന മേഖലയിലാണ്. എന്നാൽ ചുഴലിക്കാറ്റു മൂലമുള്ള 80 % മരണങ്ങളും ഈ മേഖലയിലാണെന്നാണു കണക്കുകൾ.

2019 ജൂൺ, ജൂലായ് മാസങ്ങളിൽ അറബിക്കടലിലുണ്ടായത് 140 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടെന്നാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . ലോകമൊട്ടാകെ നൂറുവർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടും 2019 ജൂലായിലായിരുന്നു .ചൂടു കൂടുന്നതിനനുസരിച്ച് ബാഷ്പീകരണം കൂടുതൽ സംഭവിക്കുന്നത് മഴയ്ക്ക് കാരണമാകും

ആഗോളതാപനത്തിന്റെ അനന്തര ഫലങ്ങൾ സമുദ്ര താപനിലയെബാധിച്ചു തുടങ്ങിയിരിക്കുന്നു. ചുഴലിക്കാറ്റുകൾ അവയുടെ ഊർജം വലിച്ചെടുക്കുന്നത് സമുദ്രത്തിൽ നിന്നാണ്. കാലാവസ്ഥാ വ്യതിയാനവും കാർബൺ പുറംതള്ളലും സമുദ്രങ്ങൾക്കു ചൂടേറാനും കാരണമാകുന്നു.

ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്നതിനാൽ ഏറ്റവുമധികം ചൂടുള്ളത് ഇന്ത്യൻ മഹാ സമുദ്രത്തിനാണ്. ഇതോടൊപ്പം താപനിലയിലെ വർധനവ് കൂടുതൽ രേഖപ്പെടുത്തുന്നതും ഇവിടെത്തന്നെ. അറബിക്കടലിലും സമാനമായ സാഹചര്യമുണ്ട്. ശക്തിയേറിയ ചുഴലിക്കാറ്റുകൾ വരും വർഷങ്ങളിൽ രൂപപ്പെടാനിടയുണ്ടെന്ന് പഠനത്തിൽ പറയുന്നു.

ചുഴലിക്കാറ്റുകൾ കൂടുതൽ സമയം നീണ്ടു നിൽക്കുന്ന പ്രതിഭാസവും പുതിയ പഠനങ്ങളിൽ വ്യക്തമായി. 24 മണിക്കൂറിനുള്ളിൽ കാറ്റിന് 55 കിലോമീറ്റർ വേഗം വർധിച്ചാൽ പെട്ടെന്നു വേഗമേറുന്ന വിഭാഗത്തിൽ പെടുത്താം. നിലവിലെ മുന്നറിയിപ്പ് സംവിധാനങ്ങൾക്ക് ഈ മാറ്റം തിരിച്ചറിയാനാകില്ല. ഇതു രക്ഷാ മുന്നൊരുക്കങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്.

സാധാരണ 4 ദിവസത്തോളം നീണ്ടു നിൽക്കുന്ന ചുഴലിക്കാറ്റുകളുടെ ദൈർഘ്യം ഫാനി ചുഴലിക്കാറ്റിന്റെ കാര്യത്തിൽ മാറി , അത് 8 ദിവസമായിരുന്നു. നിലവിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ വേഗം കൈവരിക്കുന്ന ചുഴലിക്കാറ്റുകളുടെ കൃത്യമായ മുന്നറിയിപ്പുകൾ നൽകുകയെന്നത് വെല്ലുവിളിയാണെന്നും പഠനം സൂചിപ്പിക്കുന്നു.

Related Articles

Back to top button