IndiaLatest

ചെന്നൈ പ്രളയം; എണ്ണമാലിന്യത്തില്‍ കുതിര്‍ന്ന പക്ഷികള്‍ക്ക് പുതുജീവന്‍

“Manju”

ചെന്നൈ: പ്രളയത്തെ തുടര്‍ന്ന് എണ്ണമാലിന്യത്തില്‍ കുതിര്‍ന്ന് അവശയായി ജലപക്ഷികള്‍ ചികിത്സയിലൂടെ വീണ്ടും ജീവിതത്തിലേക്ക് ചിറകു വിടര്‍ത്തി. ഗിണ്ടി നാഷണല്‍ പാര്‍ക്കിലെ ചികിത്സയിലൂടെയാണ് പക്ഷികള്‍ക്ക് പുതുജീവന്‍ നല്‍കിയത്. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ബെസന്‍റ് മെമ്മോറിയല്‍ അനിമല്‍സ് ഡിസ്പെന്‍സറിയിലെയും സന്നദ്ധ പ്രവര്‍ത്തകരും തമിഴ്നാട് വനം വകുപ്പിലെ ഉദ്യോഗസ്ഥരുമാണ് എണ്ണ മാലിന്യത്തില്‍ കുതിര്‍ന്ന 60 പക്ഷികളെ രക്ഷപ്പെടുത്തുന്നത്. എന്നൂരില്‍ നിന്ന് രക്ഷപ്പെടുത്തിയ പെലിക്കനുകളുടെ ശരീരത്തില്‍ നിന്നുമാണ് എണ്ണമാലിന്യം മാറ്റുന്നത്.

ഡിസംബര്‍ ആദ്യവാരം ചെന്നൈ നഗരം പ്രളത്തില്‍ മുങ്ങിയപ്പോള്‍ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍റെ മണലി പ്ലാന്‍റിന്‍റെ എണ്ണ മാലിന്യം വെള്ളത്തില്‍ കലരുകയായിരുനനു. ഇത് ബക്കിങ്ങാം കനാലിലും എന്നൂര്‍ ഉള്‍ക്കടലിലും എത്തിയതോടെ ജനങ്ങള്‍ക്കൊപ്പം പക്ഷികളും ദുരിതത്തിലായി. വെള്ളത്തില്‍ ഇരതേടുന്ന പെലിക്കനുകളുടെ ചിറകില്‍ എണ്ണ മാലിന്യം ഒട്ടിപ്പിടിക്കുകയായിരുന്നു. എണ്ണമാലിന്യം ശരീരത്തിലായതോടെ വെള്ളനിറത്തിലുള്ള പക്ഷികള്‍ ഇരുണ്ട നിറത്തിലായി. തുടര്‍ന്ന് പക്ഷികള്‍ക്ക് പറക്കാനോ നീന്താനോ കഴിയാത്ത അവസ്ഥയിലായി.

എണ്ണയില്‍ കുതിര്‍ന്ന പക്ഷികളെ വലവച്ച് പിടിച്ചാണ് ഗിണ്ടി പാര്‍ക്കില്‍ എത്തിച്ചത്. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പക്ഷികളുടെ ചിറകിലും ശരീരത്തിലും ആദ്യം സസ്യ എണ്ണ പുരട്ടി. പിന്നീട് പാത്രങ്ങള്‍ കഴുകുന്ന ലായനി കലര്‍ത്തിയ വെള്ളം കൊണ്ട് കഴുകി. കൊക്കിലെ എണ്ണപ്പാളി ബ്രഷ് ഉപയോഗിച്ച് നീക്കി.

എണ്ണ മാലിന്യത്തില്‍പ്പെട്ട പക്ഷികളെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ലോകത്തെങ്ങും അവലംബിക്കുന്ന മാര്‍ഗം ഇതാണെന്ന് ചെന്നൈ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇ. പ്രശാന്ത് പറഞ്ഞു. എണ്ണയില്‍ കുതിര്‍ന്ന ബാക്കി പക്ഷികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

പ്രളയ ജലം ഒഴുകിയതോടെ കടലില്‍ 20 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ എണ്ണ പടര്‍ന്നിരുന്നു. വെള്ളം മലിനമായതോടെ അകന്നുപോയ പക്ഷികള്‍ തിരിച്ചെത്താന്‍ തുടങ്ങിയിട്ടുണ്ട്. എന്നൂര്‍ കടലിടുക്കില്‍ ഇരുന്നൂറോളം പക്ഷികളെ കണ്ടതായി പക്ഷിനിരീക്ഷകര്‍ പറഞ്ഞു.

Related Articles

Back to top button