KeralaLatest

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ തീരുമാനം

“Manju”

ശ്രീജ.എസ്‌

ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രികളെ രണ്ടുവിഭാഗങ്ങളായി തിരിച്ച്‌ ഏകീകൃതനിറം നല്‍കാന്‍ തീരുമാനം. ആര്‍ദ്രം പദ്ധതി ആരംഭിച്ചപ്പോള്‍ മുതല്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഈ വര്‍ണനിബന്ധന ബാധകമായിരുന്നു. എന്നാല്‍, സര്‍ക്കാരിനുകീഴിലെ എല്ലാ ആശുപത്രികളിലേക്കും ഇതു നിര്‍ബന്ധമാക്കുകയാണിപ്പോള്‍. ആദ്യവിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയുടെ പുറംഭാഗം ഇളം പച്ചയിലും വെള്ളയിലുമാണു ചായം പൂശേണ്ടത്. അകത്തു പച്ചനിറമായിരിക്കണം.

രണ്ടാംവിഭാഗത്തില്‍ ഉള്‍പ്പെടുന്നതു ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, വനിതാ-ശിശു ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവയാണ്. ഇവയുടെ പുറംഭാഗം ഇളം നീലയും വെള്ളയും കലര്‍ന്നതായിരിക്കും. ഉള്ളില്‍ നീലനിറവും. ആശുപത്രികളുടെ അകത്തും പുറത്തുമുള്ള സൂചനാഫലകങ്ങള്‍ക്കും ഏകീകൃതരൂപം നിശ്ചയിച്ചിട്ടുണ്ട്. വഴികാട്ടികള്‍, സേവനങ്ങള്‍, ഡോക്ടര്‍മാരുടെ അവധി വിവരങ്ങളും സേവനസമയവും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സേവനങ്ങള്‍, പ്രവേശനമില്ലാത്ത മേഖലകള്‍ തുടങ്ങിയ സൂചനാബോര്‍ഡുകള്‍ക്കും അവയിലുപയോഗിക്കേണ്ട അക്ഷരങ്ങള്‍ക്കും നിറവും വലുപ്പവും നിശ്ചയിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച പട്ടിക ആശുപത്രിമേലധികാരികള്‍ക്കു കൈമാറിയിട്ടുണ്ട്. മാര്‍ച്ച്‌ ഒന്നുമുതല്‍ പൂര്‍ത്തിയാകുന്ന ആശുപത്രിക്കെട്ടിടങ്ങളെല്ലാം പുതിയ നിറത്തിലായിരിക്കണം. നിലവിലുള്ളവ, അറ്റകുറ്റപ്പണി നടത്തുമ്ബോഴോ നവീകരണം നടത്തുമ്പോഴോ പുതിയ നിറത്തിലേക്കു മാറിയാല്‍ മതി. സംസ്ഥാന പദ്ധതിവിഹിതം, കിഫ്ബി, നബാര്‍ഡ്, കേന്ദ്രസര്‍ക്കാര്‍ സഹായം, തദ്ദേശപദ്ധതികള്‍, പൊതുജനസഹായം തുടങ്ങിയവ ഉപയോഗിച്ചു നിര്‍മാണം പൂര്‍ത്തിയായവയ്ക്കു പുതിയ നിബന്ധനയനുസരിച്ചായിരിക്കും ചായം പൂശേണ്ടത്.

Related Articles

Back to top button