IndiaInternationalThiruvananthapuram

ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു

“Manju”

ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു | guruvayoor valiya kesavan| elephantതൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ ഏറ്റവും വലിയ കൊമ്പനായ വലിയ കേശവന്‍ ചരിഞ്ഞു. 52 വയസ്സായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ മുന്‍നിരയിലായിരുന്നു വലിയ കേശവന്‍. ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖനായിരുന്നു. ശാന്തസ്വഭാവിയുമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.20നാണ് വലിയ കേശവന്‍ ചരിഞ്ഞത്. കഴിഞ്ഞ രണ്ട് മാസമായി വലിയ കേശവന്റെ ആരോഗ്യനില ഏറെ മോശമായിരുന്നു. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെ കാലമായി ചികിത്സയിലായിരുന്നു.

2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. നാകേരി മനയിലെ നാല് ആനകളില്‍ ഒരു ആനയെ ഗുരുവായൂരപ്പന് നല്‍കാമെന്ന് നിശ്ചയിച്ച്‌ നറുക്കിട്ടപ്പോള്‍ കൂട്ടത്തിലെ വലിയവനും സുന്ദരനുമായ അയ്യപ്പന്‍കുട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ദേവസ്വത്തിന് കീഴിലെത്തിയപ്പോള്‍ അയ്യപ്പന്‍കുട്ടിയെന്ന പേര് കേശവന്‍ എന്നാക്കി. ഗുരുവായൂര്‍ ആനക്കോട്ടയില്‍ വലുപ്പത്തില്‍ മുന്നിലായ കേശവന്‍ വലിയ കേശവന്‍ എന്നാണ് പിന്നീട് അറിയപ്പെട്ടത്.

1960കളുടെ അവസാനം ബിഹാറില്‍ നിന്നാണ് കൊമ്പനെ കേരളത്തിലേക്ക് കൊണ്ടു വന്നത്. ഹീറോ പ്രസാദ് എന്നായിരുന്നു ആദ്യത്തെ പേര്. 2018ല്‍ ചെമ്പൂച്ചിറ മഹാദേവക്ഷേത്രത്തിലെ പൂരത്തിന് കിഴക്കുമുറി സമുദായ കമ്മിറ്റി ഗുരുവായൂര്‍ വലിയ കേശവന് നല്‍കിയ റെക്കോര്‍ഡ് ഏക്കത്തുക (എഴുന്നള്ളിപ്പിനുള്ള തുക) 2,26,001 രൂപയായിരുന്നു.

2020 ഫെബ്രുവരി 26ന് കൊമ്പന്‍ ഗുരുവായൂര്‍ പത്മനാഭന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവന്‍ ഗുരുവായൂരിലെ ആനകളില്‍ പ്രധാനിയായത്. മുന്‍പ് പിന്‍കാലിന് സമീപത്തെ മുഴ കാരണവും ക്ഷയരോഗം മൂലവും ക്ഷീണിതനായിരുന്ന ആന ചികിത്സയിലായിരുന്നു. ഇടയ്‌ക്ക് രോഗം കലശലായെങ്കിലും പിന്നീട് ഭേദപ്പെട്ടിരുന്നു.

ഗുരുവായൂര്‍ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളില്‍ മുന്‍പന്തിയിലായിരുന്നു. 2017 ല്‍ ഗജരാജന്‍ഗുരുവായൂര്‍ കേശവന്‍ സ്മരണച്ചടങ്ങില്‍ ദേവസ്വം ഗജരാജപ്പട്ടവും ഗുരുവായൂര്‍ വലിയ കേശവന് ലഭിച്ചു. വലിയ കേശവന്‍ ചരിഞ്ഞതോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.

പൂരത്തിന് എഴുന്നള്ളിച്ചതില്‍ ഏറ്റവും കൂടുതല്‍ തുകയിലും തലയെടുപ്പ് വലിയ കേശവനായിരുന്നു. സാധാരണ ദിവസങ്ങളില്‍ 50,000 രൂപയും വിശേഷ ദിവസങ്ങളില്‍ 75,000 വുമാണ് വലിയ കേശവന്റെ ഏക്കതുക. തൃശ്ശൂര്‍ പൂരത്തിനും, പ്രധാനപ്പെട്ട മറ്റു പൂരങ്ങളായ ഉത്രാളിക്കാവിലും പാര്‍ക്കാടിയിലുമെല്ലാം വലിയ കേശവന്‍ താരമായിരുന്നു. ഗജകുലഛത്രാധിപതി, സാമജസമ്രാട്ട്, ഗജരത്നം, ഗജസമ്രാട്ട്, ഗജരാജ ചക്രവര്‍ത്തി, ഗജകേസരി, മലയാള മാതംഗം എന്നിങ്ങനെ വലിയ കേശവന് അംഗീകാരങ്ങള്‍ ഏറെയുണ്ട്.

Related Articles

Back to top button