IndiaLatest

നടന്‍ സോനു സൂദിന് കോവിഡ്

“Manju”

മുംബൈ: അഭിനേതാവ് സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആണെന്നുള്ള വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചത്. പ്രതിരോധ മുന്‍കരുതല്‍ എന്ന നിലയില്‍ സെല്‍ഫ് ക്വറന്‍റീനിലായിരുന്നുവെന്നും കാര്യങ്ങള്‍ കൃത്യമായി തന്നെ പിന്തുടര്‍ന്ന് പോരുകയാണെന്നും സോനു അറിയിച്ചിട്ടുണ്ട്.

പഞ്ചാബ് കോവിഡ് വാക്സിനേഷന്‍ ദൗത്യത്തിന്‍റെ ബ്രാന്‍ഡ് അംബാസഡറാണ് സോനു സൂദ്. ഈ മാസം ആദ്യമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇക്കാര്യം സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്. കൊറോണ വൈറസ് ബാധിച്ചെങ്കിലും തന്‍റെ മാനസികാവസ്ഥയും ആത്മവിശ്വാസവും ‘സൂപ്പര്‍ പോസിറ്റീവ്’ ആണെന്നാണ് ഇന്‍സ്റ്റയില്‍ പങ്കുവച്ച കുറിപ്പില്‍ സോനു പറയുന്നത്.

‘ഇന്ന് രാവിലെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്ക് നേരത്തെ തന്നെ ക്വറന്റീനിലായിരുന്നു. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച്‌ പോരുന്നുമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധാരാളം സമയം ഇത് മൂലം ലഭിക്കുന്നുണ്ട്. നിങ്ങള്‍ക്കു വേണ്ടി ഞാനെപ്പോഴും ഉണ്ടാകുമെന്ന് ഓര്‍ക്കുക’ ആരാധകര്‍ക്കായി പങ്കുവച്ച കുറിപ്പില്‍ സോനു പറയുന്നു.

തെന്നിന്ത്യന്‍-ബോളിവുഡ് ചിത്രങ്ങളില്‍ സജീവമായ സോനു സൂദ് കോവിഡ് കാലത്തെ സഹായപ്രവര്‍ത്തനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ അഭയാര്‍ഥി തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് മടക്കിയെത്തിക്കാന്‍ താരം ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ജോലി നഷ്ട്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായും പഠനസൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് സഹായഹസ്തം നീട്ടിയും പലപ്പോഴും താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

നിരവധി ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച സോനു സൂദ് 1999 ല്‍ തമിഴ് ചിത്രമായ ‘കല്ലഴഗറി’ലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 2002 ല്‍ പുറത്തിറങ്ങിയ ഷഹീദ്-ഇ-ആസാം എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവടുവച്ചു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം. ദബാംഗ്, യുവ, അതാട്, ജോധാ അക്ബര്‍, ഡൂക്കുഡു, ഷൂട്ട്‌ ഔട്ട് അറ്റ് വഡാല, ഹാപ്പി ന്യൂ ഇയര്‍, സിംബ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങളിലെത്തി.

Related Articles

Back to top button