KeralaLatest

ഹോട്ടല്‍ ഭക്ഷണം പൊള്ളുമ്പോള്‍..

കോവിഡിനുശേഷം തുറന്ന ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വില ഞെട്ടുന്നതാണ്.

“Manju”

കൊല്ലം : കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഹോട്ടലുകള്‍ തുറന്നപ്പോള്‍ ഭക്ഷണത്തിന് കൊല്ലുന്ന വില! സാധന വിലക്കയറ്റത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലായെന്ന് ഹോട്ടലുടമകള്‍.
കൊല്ലം കളക്‌ട്രേറ്റിനു സമീപത്തെ ഒരു ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചവര്‍ ഭക്ഷണത്തിന്റെ ബില്ല് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. അനവധി പേരാണ് ഇതിനെ അനുകൂലിച്ച്‌ കമന്റുകളിട്ടത്.
ഉച്ചയൂണും ഒപ്പം രണ്ട് ഫിഷ് ഫ്രൈയും കഴിച്ചപ്പോള്‍ നല്‍കിയ 1054 രൂപയുടെ ബില്ല് കണ്ട് ഭക്ഷണം കഴിച്ചവര്‍ ഞെട്ടി. ഇതേ സ്ഥലത്തുനിന്ന് ഏതാനും ദിവസം മുമ്പ് ഊണും ഒരു ചെമ്മീന്‍ ഫ്രൈയും ഒരു കുപ്പി വെള്ളവും വാങ്ങിയവര്‍ക്ക് ലഭിച്ചത് 619 രൂപയുടെ ബില്ലായിരുന്നു.
നഗരത്തിലെ തന്നെ മറ്റൊരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചയാളിന്റെ അനുഭവം ഇങ്ങനെ: ഊണിനൊപ്പം രണ്ട് പ്ളേറ്റുകളിലായി ‘സ്പെഷ്യല്‍” കൊണ്ടു വന്നു. ഒന്നില്‍ മീന്‍ കറി, മറ്റൊന്നില്‍ ഫിഷ് ഫ്രൈ. ഊണിനൊപ്പമുള്ള മീന്‍കറിയാണെന്ന് വിചാരിച്ചെങ്കിലും മീന്‍ കഷ്ണത്തിന്റെ വലിപ്പം കണ്ട് സപ്ളെയറോട് വിലയന്വേഷിച്ചു. വില കേട്ടപ്പോള്‍ ഞെട്ടി, 100 രൂപ ! വറുത്ത നെയ്‌മീനിന് 125 രൂപ ! ഊണിന് 60 രൂപയേ ഉള്ളൂ. വില ചോദിക്കാതെ മീന്‍ കറിയും വറുത്തതും കഴിച്ചിരുന്നെങ്കില്‍ 285 രൂപ നല്‍കേണ്ടി വന്നേനെ. ഊണ് മാത്രം കഴിച്ച്‌ സ്ഥലം കാലിയാക്കി.
സാധാരണ ഹോട്ടലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഊണിന് 60 രൂപയേ ഈടാക്കാവൂ എന്നാണ് വയ്പെങ്കിലും പല ഹോട്ടലുകളിലും 100 മുതല്‍ 120 രൂപ വരെ തരാതരം പോലെ വാങ്ങും. സ്പെഷ്യലായി മീനോ ഇറച്ചി വിഭവങ്ങളോ വാങ്ങിയാല്‍ ഭീമമായ തുകയാകും നല്‍കേണ്ടിവരിക. വറുത്ത മീനിന് വലിപ്പം അനുസരിച്ച്‌ വിലയില്‍ അന്തരമുണ്ട്. വെജിറ്റേറിയന്‍ ഹോട്ടലുകളിലെ സ്ഥിതിയും മറിച്ചല്ല. ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ ഊണിനൊപ്പം നല്‍കിയ പാവയ്ക്ക ഉപ്പേരിക്ക് 80 രൂപ വാങ്ങിയെന്ന പരാതിയും ഉയരുന്നുണ്ട്. ഊണല്ലാത്ത വിഭവങ്ങള്‍ക്കെല്ലാം വില തോന്നും പോലെയാണ്. പഴ്സില്‍ വേണ്ടത്ര പണം ഇല്ലാതെ ഈ വിഭവങ്ങളൊന്നും വാങ്ങരുതെന്ന നിര്‍ദ്ദേശവും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തട്ടുകടകളിലും വിലയുടെ കാര്യത്തില്‍ ഹോട്ടലുകളെ വെല്ലുകയാണ്. ഒരു വെറും ചായ കുടിയ്ക്കാമെന്നു വച്ചാല്‍ അതിനും ചായപോലെ പൊള്ളുന്ന വിലയെന്നാണ് പരാതി. 10 രൂപ മുതല്‍ 20 രൂപ വരെയാണ് ചായയുടെ വില.
ജി.എസ്.ടി യുടെ പേരിലും പിഴിച്ചില്‍ :  ജി.എസ്.ടി ഉള്‍പ്പെടെയാണ് ഭക്ഷണ സാധനങ്ങളുടെ വിലയെങ്കിലും പരമാവധി വില കണക്കാക്കിയ ശേഷം നികുതി കൂടി ഈടാക്കുന്ന പ്രവണതയുമുണ്ട്. ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തി വീട്ടിലിരുന്ന് കഴിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് ഓര്‍ഡര്‍ എടുക്കുന്ന ഇവര്‍ ഭക്ഷണത്തിന്റെ യഥാര്‍ത്ഥ വിലയെക്കാള്‍ കൂടുതല്‍ പണം ഈടാക്കുമെങ്കിലും ഹോട്ടലുകള്‍ക്ക് ജി.എസ്.ടി അടക്കം 35 ശതമാനത്തോളം കുറച്ചാണ് ഈ സ്ഥാപനങ്ങള്‍ നല്‍കുന്നതത്രെ. അതിനാല്‍ ഓണ്‍ലൈന്‍ ഭക്ഷണത്തിന് തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ ഹോട്ടലുകള്‍ ആ തുക കൂടി കൂട്ടിയാണ് വാങ്ങുന്നത്. സംസ്ഥാനത്തെ 4000 ഓളം ഹോട്ടലുകളില്‍ 2500 എണ്ണം മാത്രമാണ് ജി.എസ്.ടി പരിധിയിലുള്ളത്.

മിക്ക ഹോട്ടലുകളിലും വിലവിവര പട്ടികയുണ്ടെങ്കിലും സ്പെഷ്യല്‍ വിഭവങ്ങളുടെ വില അതില്‍ രേഖപ്പെടുത്താറില്ല. 1977 ലെ ഫുഡ് സ്റ്റഫ്സ്, 1977 ലെയും 80 ലെയും കേരള അവശ്യസാധന നിയമ പ്രകാരം എല്ലാ ഭക്ഷണശാലകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും അത് ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയും വിധമായിരിക്കണമെന്നും നിര്‍ബന്ധമാണ്. അമിത വില ഈടാക്കിയാല്‍ 5000 രൂപ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭക്ഷണ വില നിയന്ത്രണ ബില്ലിന് 2015 ല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും ഇതുവരെ അതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാ യിട്ടില്ല.  ജില്ലാ ജഡ്ജിയെയോ തത്തുല്യ യോഗ്യതയുള്ളയാളിനെയോ അദ്ധ്യക്ഷനാക്കി ജില്ലാതല അതോറിറ്റി രൂപീകരിക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും അമിതവില ഈടാക്കുന്നത് പരിശോധിക്കാന്‍ താലൂക്ക് തലത്തില്‍ സിവില്‍ സപ്ളൈസ്, ലീഗല്‍ മെട്രോളജി, ആരോഗ്യ വകുപ്പ്, ഫുഡ് സേഫ്റ്റി എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന നടത്താനുള്ള സംവിധാനവും ഉണ്ടെങ്കിലും അതും ഇപ്പോള്‍ നോക്കുകുത്തി പോലെയാണ്.

ജനകീയ ഹോട്ടലുകള്‍ : 20 രൂപയ്ക്ക് ഊണ് നല്‍കുന്ന ജനകീയ ഹോട്ടലുകള്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും തുടക്കത്തിലുണ്ടായിരുന്ന പേരിന് ഇപ്പോള്‍ ഇടിവ് സംഭവിച്ചിരിക്കുകയാണ്. കൊല്ലം കളക്‌ട്രേറ്റിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ജനകീയ ഹോട്ടലില്‍ നല്ല തിരക്കായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം പരാതിയെ തുടര്‍ന്ന് അടച്ചുപൂട്ടി. വൃത്തിയില്ലാതെ ഭക്ഷണം നല്‍കിയെന്ന പരാതിയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അടച്ചുപൂട്ടിയത്. കുടിവെള്ളത്തില്‍ ചത്ത ഒച്ചും സാമ്ബാറില്‍ ഉരുകിയ പ്ളാസ്റ്റിക്കും കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലം ബാറിലെ ഒരഭിഭാഷകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.

പച്ചക്കറിക്കും പാചകവാതകത്തിനും തീവില :പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പാചകവാതകം അടക്കമുള്ള സാധനങ്ങളുടെ അമിതവിലയും ഹോട്ടല്‍ വ്യവസായത്തിന്റെ നട്ടെല്ല് തകര്‍ക്കുന്നുവെന്നാണ് വിലക്കയറ്റത്തിന് കാരണമായി ഹോട്ടലുടമകള്‍ പറയുന്നത്. നേരത്തെ 1000 രൂപയ്ക്ക് വാങ്ങിയിരുന്ന പച്ചക്കറികള്‍ക്ക് ഇപ്പോള്‍ 5000- 6000 രൂപ വരെ നല്‌കണം. ഇറച്ചികള്‍ക്ക് ഇരട്ടി വിലയായി. പാചകവാതക സിലിണ്ടറിന് 1200 രൂപ ആയിരുന്നത് 2000 രൂപയായി ഉയര്‍ന്നു. തൊഴിലാളികളെ കിട്ടാനില്ല, ഉള്ളവര്‍ക്ക് കൂലിയിലും വര്‍ദ്ധനവുണ്ടായി. ഒരുവിധം നന്നായി നടക്കുന്ന ഹോട്ടലില്‍ 30 ഓളം തൊഴിലാളികള്‍ വേണ്ടി വരും. ഈ ചെലവുകളെല്ലാം കഴിഞ്ഞ് ലാഭം കിട്ടണമെങ്കില്‍ ദിവസം രണ്ട് ലക്ഷം രൂപയുടെയെങ്കിലും കച്ചവടം നടക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന്‍ കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് ദേവലോകം പറഞ്ഞു. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും മാത്രമല്ല, മൈദയ്ക്കും സവാളയ്ക്കും തീവിലയായെന്ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ജി.ജി റസ്റ്റോറന്റ് ഉടമ ബി.അശോക് കുമാര്‍ പറയുന്നു. വിലക്കയറ്റത്തിനൊപ്പം ഭീമമായ വൈദ്യുതി നിരക്കും ഹോട്ടല്‍ വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു വെന്നാണ് അദ്ദേഹം പറയുന്നത്.

ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലക്കയറ്റത്തിന് കാരണമായി ഹോട്ടല്‍ വ്യവസായികള്‍ പറയുന്ന ന്യായീകരണങ്ങള്‍ ഇതൊക്കെയാണെങ്കിലും ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നതാണ് പ്രതിഷേധാര്‍ഹമായ വസ്തുത. അവശ്യസാധന വില നിയന്ത്രിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ പറയുന്നതല്ലാതെ ഫലപ്രദമായ നടപടികള്‍ക്ക് വേഗത കൈവരുന്നുമില്ല. സാധനവിലകള്‍ കൂടുന്നതുപോലെ കുറയുമെങ്കിലും ഹോട്ടല്‍ ഭക്ഷണത്തിന്റെ കൂട്ടിയ വിലകള്‍ അതിനനുസരിച്ച്‌ കുറയുമോ എന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്.

Related Articles

Back to top button