IndiaLatest

രണ്ടാം തരംഗത്തില്‍ മുഖ്യലക്ഷണം ശ്വാസതടസ്സം, 70 ശതമാനം രോഗികളും 40 വയസിന് മുകളില്‍: ഐസിഎംആര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ കേസുകളിലും ലക്ഷണമായി കണ്ടുവരുന്നത് ശ്വാസതടസ്സമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ ഇത്തവണ തീവ്രലക്ഷണങ്ങള്‍ അധികമായി രോഗികളില്‍ കാണുന്നില്ല. എന്നാല്‍ രോഗികളില്‍ ശ്വാസതടസ്സം കൂടുതലായി കണ്ടുവരുന്നതായി ബല്‍റാം ഭാര്‍ഗ മാധ്യമങ്ങളോട് പറഞ്ഞു.

മഹാമാരിയുടെ തുടക്കത്തില്‍ വരണ്ട ചുമ, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളില്‍ കൂടുതലായി കണ്ടുവന്നത്. എന്നാല്‍ ഇത്തവണ തീവ്രലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ശ്വാസതടസ്സമാണ് രോഗികളില്‍ പൊതുവേ കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു കോവിഡ് തരംഗത്തിലും ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് 40 വയസിന് മുകളിലുള്ളവര്‍ക്കാണ്. മൊത്തം കോവിഡ് കേസുകളില്‍ ഇത് 70 ശതമാനം വരുമെന്നും ബല്‍റാം ഭാര്‍ഗ പറയുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ച, വൈറസിന് ഉണ്ടായ ജനിതകവ്യതിയാനം എന്നിവ ചില ആശങ്കകളായി നില്‍ക്കുകയാണ്. ബ്രിട്ടനിലും ബ്രസീലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് വ്യാപനശേഷി കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയില്‍ ഇരട്ട ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് അതിവ്യാപന ശേഷി ഉണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശ്വാസതടസ്സം അനുഭവപ്പെടുന്നവരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്റെ ആവശ്യകത വര്‍ധിക്കുകയാണ്. എന്നാല്‍ ആദ്യം തരംഗത്തിലും രണ്ടാം തരംഗത്തിലും മരണനിരക്കില്‍ കാര്യമായ മാറ്റമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button