InternationalLatest

ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടന്‍

“Manju”

ന്യൂസിലാന്റ്: യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടണ്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി. ഇന്ത്യയിലെ പുതിയ കോവിഡ് വേരിയന്റിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് 23-ാം തിയതി വെള്ളിയാഴ്ച മുതല്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു.

ഇതോടെ വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍നിന്നും ബ്രിട്ടണിലേക്കുള്ള യാത്രാനുമതി ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ബ്രിട്ടണില്‍ താമസിക്കാന്‍ നിലവില്‍ അനുമതിയുള്ളവര്‍ക്കും മാത്രമായി ചുരുങ്ങും. ഇന്ത്യയിലുള്ള ഐറിഷ് പാസ്പോര്‍ട്ട് ഹോള്‍ഡര്‍മാര്‍ക്കും യാത്രാനുമതിയുണ്ടാകും. ടൂറിസ്റ്റ് വിസകള്‍, പുതിയ സ്റ്റുഡന്റ് വിസകള്‍, വര്‍ക്ക് പെര്‍മിറ്റ് വിസകള്‍ തുടങ്ങിയവയെയാണ് വിലക്ക് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ ഇന്ത്യയിലൂടെ സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ക്കും വിലക്ക് ബാധകമാകും.

യാത്രാനുമതിയില്‍ ഇളവ് ലഭിച്ച്‌ ബ്രിട്ടണിലെത്തുന്നവര്‍ പത്തുദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന് വിധേയരാകണം. ഇതിനായി ഭാരിച്ച തുകയാണ് ഓരോ യാത്രക്കാരനും നല്‍കേണ്ടത്. 1750 പൌണ്ടാണ് ഒരു യാത്രക്കാരന്‍ ഹോട്ടല്‍ ക്വാറന്റൈനായി നല്‍കേണ്ടത്. താമസച്ചിലവ്, ഭക്ഷണം, വിമാനത്താവളത്തില്‍നിന്നും ഹോട്ടലിലേക്കുള്ള യാത്രാചിലവ്, രണ്ട്, എട്ട് ദിവസങ്ങളില്‍ നടത്തേണ്ട പി.സി.ആര്‍ ടെസ്റ്റിനുള്ള ചെലവ് എന്നിവ ചേര്‍ത്തുള്ള തുകയാണിത്.

കുടുംബമായി എത്തുന്നവര്‍ 12 വയസിനു മുകളിലുള്ള ഓരോ യാത്രക്കാരനും 650 പൌണ്ടുവീതം അധികമായി നല്‍കണം. അഞ്ചു വയസിനും 12 വയസിനും മധ്യേയുള്ളവര്‍ക്ക് 325 പൌണ്ടും അധികം നല്‍കേണ്ടതുണ്ട്. അഞ്ചുവയസില്‍ താഴെയുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ സൌജന്യമാണ്. പത്തുദിവസത്തില്‍ കൂടുതല്‍ ഹോട്ടലില്‍ താമസിക്കേണ്ട സ്ഥിതിയുണ്ടായാല്‍ ഓരോദിവസവും 152 പൌണ്ടുവീതം അധികം നല്‍കണം. കൂടെയുള്ളവര്‍ക്ക് അധികമായി നല്‍കേണ്ടത് 41 പൌണ്ടാണ്. കുട്ടികള്‍ക്ക് 12 പൌണ്ടും.

ബ്രിട്ടണിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ട് കൈയില്‍ കരുതണം. യാത്ര പുറപ്പെടുന്നതിനു മുമ്പേ ഹോട്ടല്‍ ക്വാറന്റൈനുള്ള ബുക്കിംങ് നടത്തി ഇതിന്റെ റഫറന്‍സ് നമ്പര്‍ പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോമില്‍ രേഖപ്പെടുത്തണം. Gov.uk എന്ന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ബുക്കിംങ്ങ് നടത്തേണ്ടതും പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം പൂരിപ്പിച്ച്‌ സമര്‍പ്പിക്കേണ്ടതും. ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചാല്‍ പതിനായിരം പൌണ്ട് പിഴയും പത്തുവര്‍ഷം വരെ ജയില്‍ശിക്ഷയും ലഭിക്കാം. ബ്രിട്ടണിലെ ഹീത്രു, ഗാട്ട്വിക്ക്, ലണ്ടന്‍ സിറ്റി, ബര്‍മിംങ്ങാം, ഫാരന്‍ബറോ എന്നീ വിമാനത്താവളങ്ങളിലേക്കു മാത്രമേ റെഡ് ലിസ്റ്റിലുള്ളവര്‍ യാത്ര നടത്താവൂ. അല്ലാത്തപക്ഷം 4000 പൌണ്ട് പിഴശിക്ഷ ഉറപ്പാണ്. പിഴയോടൊപ്പം ഈ വിമാനത്താവളത്തില്‍നിന്നും ക്വാറന്റൈന്‍ സൌകര്യമുള്ളിടത്തേക്കുള്ള യാത്രക്കൂലിയും ഈടാക്കും. ഇരുപതിലേറെ ആഫ്രിക്കന്‍ രാജ്യങ്ങളും 14 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുമടക്കം നാല്‍പതിലേറെ രാജ്യങ്ങളാണ് ഇപ്പോള്‍ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത്.

Related Articles

Back to top button