കാണ്‍പുര്‍: കോവിഡ് ബാധിച്ച അമ്മയെ വഴിയരികില്‍ ഉപേക്ഷിച്ച് മകന്. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. പ്രദേശവാസികള്‍ ഇവരെ ആശുപത്രിയിലാക്കിയെങ്കിലും പിന്നീട് ഇവര്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ മകന് വിശാലിനെതിരെ പോലീസ് കേസെടുത്തു.
കാണ്‍പുര്‍ കന്റോണ്മെന്റിലാണ് വിശാലും അമ്മയും താമസിച്ചിരുന്നത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അമ്മയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതോടെ വിശാല്‍ ചാക്കേരിയിലെ തഡ് ബാഗിയ പ്രദേശത്ത് താമസിക്കുന്ന സഹോദരിയുടെ വീടിന് മുന്പിലെ റോഡില്‍ അമ്മയെ ഉപേക്ഷിച്ചതിന് ശേഷം പോകുകയായിരുന്നു. അമ്മയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മകളും തയാറായില്ല. തുടര്‍ന്ന് സംഭവമറിഞ്ഞ പ്രദേശവാസികള്‍ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.
എന്നാല്‍ ചികിത്സയിലിരിക്കെ ഇവര്‍ മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെയാണ് മകനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി അനൂപ് സിംഗ് അറിയിച്ചു.