Latest

അനധികൃത മണ്ണെടുപ്പ് ഫോണിൽ പകർത്തി; വിദ്യാർത്ഥിനിയ്‌ക്ക് നേരെ ആക്രമണം

“Manju”

ഇടുക്കി: വീടിന് സമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണിൽ പകർത്താൻ ശ്രമിച്ച കോളേജ് വിദ്യാർത്ഥിനിയ്‌ക്ക് നേരെ ആക്രമണം. മണ്ണ് മാഫിയാ സംഘത്തലവൻ പെൺകുട്ടിയെ അടിച്ച് വീഴ്‌ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. മൂവാറ്റുപുഴ മാറാടി എട്ടാം വാർഡിൽ കാക്കൂച്ചിറ വേങ്ങപ്ലാക്കൽ വി.ലാലുവിന്റെ മകൾ അക്ഷയയെയാണ് മുഖത്തടിച്ച് മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

സംഭവത്തിൽ മണ്ണെടുപ്പ് മാഫിയസംഘത്തിന്റെ തലവനായ അൻസാറിനെതിരെ കേസെടുത്തു. സ്ത്രീകളെ അപമാനിച്ചതിനും ദളിത് പെൺകുട്ടിയെ ഉപദ്രവിച്ചതിനുമാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം. പെൺകുട്ടിയുടെ വീടിനോടു ചേർന്നുള്ള സ്ഥലം വാങ്ങി, പ്രതി അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണെടുത്ത് വരികയായിരുന്നു. അനധികൃത മണ്ണെടുപ്പ് വീടുകൾക്ക് ഭീഷണിയായതോടെ സമീപവാസികൾ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി മണ്ണെടുപ്പ് തടയുകയും മണ്ണെടുക്കലോ മറ്റ് നിർമ്മാണങ്ങളോ നടത്തിയാൽ പോലീസിനെ അറിയിക്കണമെന്നും നിർദ്ദേശിച്ച് മടങ്ങി.

എന്നാൽ തൊട്ടടുത്ത ദിവസം തന്നെ യന്ത്രങ്ങളും ടിപ്പറുമായെത്തി വീണ്ടും മണ്ണെടുപ്പ് തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട അക്ഷയ ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിക്കുകയായിരുന്നു. അക്ഷയയെ കണ്ട അൻസാർ ആക്രമണം നടത്തുകയായിരുന്നു. പെൺകുട്ടിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചവരെയും അൻസാർ ഭീഷണിപ്പെടുത്തി. ഈ സമയം പെൺകുട്ടിയുടെ അച്ഛൻ സ്ഥലത്തില്ലായിരുന്നു.

മൂവാറ്റുപുഴ നിർമല കോളേജ് ബിരുദ വിദ്യാർഥിയാണ് അക്ഷയ. അവശയായ പെൺകുട്ടി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് തവണ കുട്ടിയെ സ്‌കാനിങ്ങിന് വിധേയയാക്കി.

Related Articles

Back to top button