LatestPathanamthitta

ഐസിയു ബെഡ് കിട്ടിയില്ല;കോവിഡ് രോഗി മരിച്ചു

“Manju”

പത്തനംതിട്ട: ഐസിയു ബെഡ് ലഭിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ വൈകിയതിനാല്‍ കോവിഡ് ബാധിച്ച യുവാവ് മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി എം.കെ.ശശിധരന്റെ മകന്‍ ധനീഷ് കുമാര്‍(38) ആണ് മരിച്ചത്. ഓക്സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ കിടക്ക ഒഴിവില്ലെന്നായിരുന്നു അറിയിച്ചത്.

എട്ട് ദിവസം മുമ്പാണ് ധനീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. പനിയും ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഓക്സിജന്റെ അളവ് കുറയുകയാണെങ്കില്‍ മാത്രം ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട ആവശ്യമുള്ളൂ എന്ന് പറഞ്ഞു വീട്ടിലേക്ക് മടക്കി അയച്ചു. ഒരാഴ്ച്ചയായി ധനീഷ് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ സ്ഥിതി വഷളായി. ഓക്സിജന്റെ അളവ് 80 ല്‍ താഴെയായി. പഞ്ചായത്ത് അംഗം ഫിലിപ് അഞ്ചാനി ജില്ലാ കോവിഡ് കണ്‍ട്രോള്‍ സെല്ലില്‍ അറിയിച്ചെങ്കിലും കോവിഡ് ചികിത്സയുള്ള 2 സര്‍ക്കാര്‍ ആശുപത്രികളിലും ഐസിയു കിടക്ക ഒഴിവില്ലെന്നായിരുന്നു ലഭിച്ച മറുപടി. ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു നിര്‍ദേശം.

എന്നാല്‍ അവിടെ അന്വേഷിച്ചപ്പോള്‍ അവിടെ ഐസിയു ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഫിലിപ് പറയുന്നു. സ്ഥിതി വഷളാകുന്നതായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ വേഗം കൊണ്ടുവന്നാല്‍ ഓക്സിജന്‍ നല്‍കാമെന്ന് മറുപടി ലഭിച്ചു. ആംബുലന്‍സ് വരാന്‍ താമസിക്കുമെന്നതിനാല്‍ വീട്ടുകാര്‍ കാറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ധനീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്റെ ആവശ്യം വര്‍ദ്ധിച്ചു. ഓക്‌സിജന്‍ സ്‌റ്റോക്ക് വളരെവേഗം കുറയുന്നുണ്ടെന്നും മതിയായ കരുതല്‍ ശേഖരം ഉണ്ടാക്കാന്‍ കേന്ദ്ര സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1000 മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button