IndiaKeralaLatest

കമ്പനികളില്‍ നിന്ന് വാക്സിന്‍ നേരിട്ട് വാങ്ങാന്‍ കര്‍ണാടക കോണ്‍ഗ്രസ്

“Manju”

ബംഗളൂരു: കമ്പനികളില്‍ നിന്ന് വാക്സിന്‍ നേരിട്ട് വാങ്ങി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യാനായി 100 കോടിയുടെ പദ്ധതിയുമായി കര്‍ണാടക കോണ്‍ഗ്രസ് . വാക്സിന്‍ ക്ഷാമത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചു കൊണ്ടാണ് വാക്സിന്‍ നേരിട്ടു വാങ്ങി വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.
നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മാത്രമാണ് വാക്സിന്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാനുള്ള അനുമതിയുള്ളത്. കോണ്‍ഗ്രസ് എം.എല്‍.സിമാരുടെയും എം.എല്‍.എമാരുടെയും ഫണ്ടുകള്‍ ചേര്‍ത്തു കൊണ്ട് 90 കോടിയും കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടായ പത്തു കോടിയും ചേര്‍ത്ത് 100 കോടിക്ക് വാക്സിന്‍ വാങ്ങാനാണ് പദ്ധതിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി .
ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ മോദി – യെദിയൂരപ്പ സര്‍ക്കാര്‍ സമ്ബൂര്‍ണമായും പരാജയപ്പെട്ടതിനാല്‍ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ശിവകുമാര്‍ പറഞ്ഞു. അതിനായി കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും രണ്ടു അനുമതി ആവശ്യമാണ്. എം.എല്‍.എ, എം.എല്‍.സി ഫണ്ട് ഉപയോഗിച്ച്‌ സുതാര്യമായ രീതിയില്‍ കമ്ബനികളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങുന്നതിന് അനുമതി നല്‍കാന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോട് അപേക്ഷിക്കുകയാണെന്നും ശിവകുമാര്‍ പറഞ്ഞു .
പദ്ധതിക്കായി കോണ്‍ഗ്രസ് എം.പിമാരും അവരുടെ ഫണ്ടില്‍ നിന്നുള്ള തുക നല്‍കും. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും എം.എല്‍.സിമാരും എം.പിമാരും അവരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപ വീതം വാക്സിന്‍ വാങ്ങി അതാത് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്നതിന് ഉപയോഗിക്കുമെന്നും എത്രയും വേഗം എല്ലാവരിലും വാക്സിന്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു .

Related Articles

Back to top button