KeralaLatest

നവഒലി ജ്യോതിർദിനം ; കൊല്ലത്ത് സത്സംഗം നാളെ നടക്കും.

“Manju”

കൊല്ലം : ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലിജ്യോതിർദിനത്തിന്റെ ജില്ലാതല ആഘോഷപരിപാടികൾക്ക് നാളെ തുടക്കമാകും. 1996 ഏപ്രിൽ 24 ന് ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരു തീർത്ഥയാത്ര വേളയിൽ പോളയത്തോട് ഉപാശ്രമം സന്ദർശിച്ചതിന്റെ വാർഷികവും ഞായറാഴ്ച ആഘോഷിക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി രാവിലെ 6 ന് ഉപാശ്രമത്തിൽ പ്രത്യേക പ്രാർത്ഥന നടക്കും. 8ന് സി.എസ്.ഐ. കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഏകദിന സത്സംഗത്തിന്റെ ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷനാകും. രാവിലെ 8 മണിക്ക് തുടങ്ങുന്ന സത്സംഗം വൈകിട്ട് 6 ന് സമാപിക്കും. സത്സംഗത്തിൽ ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നുള്ള ഗുരുഭക്തർ സംബന്ധിക്കും. ജ്യോതിർദിനം ആഘോഷപരിപാടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങൾ നടന്നുവരികയാണ്.

മെയ് 6 നാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളോടെ നവഒലി ജോതിർദിനം ആഘോഷിക്കുന്നത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ ( ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നെങ്കിലും ആൾക്കൂട്ട നിയന്ത്രണം കൂടി കണക്കിലെടുത്താണ് ജില്ലാതലത്തിൽ സത്സംഗങ്ങൾ നടത്തുന്നതെന്ന് കൊല്ലം ഏരിയ ഇൻചാർജ് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി അറിയിച്ചു.

Related Articles

Back to top button