IndiaKeralaLatest

കാസര്‍കോട് 1.35 കോടിയുടെ കൃഷിനാശം

“Manju”

കാസര്‍കോട്: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ 1.35 കോടിയുടെ കൃഷിനാശം. 183.86 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചു. 2208 കര്‍ഷകര്‍ക്കാണ് കൃഷിനാശം നേരിട്ടത്. ഒമ്പത് വീടുകള്‍ പൂര്‍ണമായും 82 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മതിലിടിഞ്ഞ് രണ്ട് പേര്‍ക്കും മിന്നലേറ്റ് ഒരാള്‍ക്കും പരിക്കേറ്റു.
കാഞ്ഞങ്ങാട് ബ്ലോക്കില്‍ 121 കര്‍ഷകര്‍ക്ക് 11.23 ലക്ഷത്തിന്റെ നാശനഷ്ടവും കാറഡുക്ക ബ്ലോക്കില്‍ 45 കര്‍ഷകര്‍ക്ക് 2.63 ലക്ഷത്തിന്റെയും കാസര്‍കോട് ബ്ലോക്കില്‍ 1044 കര്‍ഷകര്‍ക്ക് 45.83 ലക്ഷത്തിന്റെയും മഞ്ചേശ്വരം ബ്ലോക്കില്‍ 241 കര്‍ഷകര്‍ക്ക് 19.64 ലക്ഷത്തിന്റെയും നീലേശ്വരം ബ്ലോക്കില്‍ 562 കര്‍ഷകര്‍ക്ക് 38.96 ലക്ഷത്തിെന്‍റയും പരപ്പ ബ്ലോക്കില്‍ 195 കര്‍ഷകര്‍ക്ക് 17.19ലക്ഷത്തിന്റെയും നാശനഷ്ടം സംഭവിച്ചു.
നെല്ല്, തെങ്ങ്, വാഴ, റബര്‍, കമുക്, കുരുമുളക്, ജാതി, മരച്ചീനി, പച്ചക്കറി കൃഷികളെ കാറ്റും മഴയും ബാധിച്ചു. ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളില്‍ നാല് വീതവും വെള്ളരിക്കുണ്ട് താലൂക്കില്‍ ഒന്നും വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഹോസ്ദുര്‍ഗ് താലൂക്കില്‍ 50 വീടുകളും വെള്ളരിക്കുണ്ട് 14, കാസര്‍കോട് 12, മഞ്ചേശ്വരം ആറ് വീടുകളും ഭാഗികമായി തകര്‍ന്നു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജമായിരുന്നെങ്കിലും ഒന്നും തുറന്നില്ല.
161 കുടുംബങ്ങളിലെ ആകെ 637 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഹോസ്ദുര്‍ഗ് താലൂക്കില്‍ 130 കുടുംബങ്ങളിലെ 452 പേരെയും കാസര്‍കോട് താലൂക്കിലെ നാല് കുടുംബങ്ങളിലെ 19 പേരെയും മഞ്ചേശ്വം താലൂക്കിലെ 27 കുടുംബങ്ങളിലെ 166 പേരെയും ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
മത്സ്യബന്ധന മേഖലകളില്‍ നിരവധി വീടുകള്‍ക്കും ഫൈബര്‍ ബോട്ടുകള്‍ക്കും നാശനഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി.

Related Articles

Back to top button