IndiaKeralaLatest

ലക്ഷദ്വീപിനെതിരെ കേരളക്കരയില്‍ നടക്കുന്നത് ദുഷ്പ്രചരണങ്ങൾ :എ.പി അബ്ദുള്ളക്കുട്ടി

“Manju”

 

കോഴിക്കോട്: ലക്ഷദ്വീപിനെതിരെ കേരളക്കരയില്‍ നടക്കുന്നത് ദുഷ്പ്രചരണങ്ങളാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കമ്മ്യൂണിസ്റ്റും, ലീഗും, ജിഹാദികളുമാണ് ഇപ്പോഴത്തെ പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം എന്ന് അല്ലാഹുവിനെ സാക്ഷിയാക്കി ദ്വീപ് വാസികളോട് പറയുന്നുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘മദ്യം, മാംസം ഇതിലൊന്നും യാതൊരു കഥയുമില്ല.
മദ്യവും, ഗോവധ നിരോധനവും കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തെ കാര്യങ്ങളാണ്. അതിന്റെ പേരില്‍ ഇവര്‍ ഇന്ന് ബഹളം വെക്കുന്നതിന്റെ അര്‍ത്ഥം മനസ്സിലാകുന്നില്ല.

ദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നതാണ് മോദി ജീയുടെ സ്വപ്‌നം. അല്ലാഹുവിനെ സാക്ഷിയാക്കി ദ്വീപ് വാസികളോട് ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം. ഇവിടെ പ്രചരിപ്പിക്കുന്നതല്ല സത്യം. പൃഥ്വിരാജ് കാര്യങ്ങള്‍ പഠിച്ച്‌ പ്രതികരിക്കണമായിരുന്നു,’ അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അതേസമയം, ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ഇതിനിടെ ജീവനക്കാരുടെ അധ്യാപകരുടെയും കുറവ് ചൂണ്ടിക്കാട്ടി 15ഓളം സ്‌കൂളുകളാണ് ലക്ഷദ്വീപില്‍ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം അഞ്ച് സ്‌കൂളുകള്‍ പൂട്ടി. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ മറ്റു ദ്വീപുകളിലേക്ക് അടിയന്തരമായി സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്‌ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച്‌ പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

അതേസമയം ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്.

കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Related Articles

Back to top button