KeralaLatest

കാണാതായ എഎസ്‌ഐ തിരികെ വീട്ടിലെത്തി

“Manju”

കൊച്ചി: എറണാകുളത്ത് കാണാതായ എഎസ്‌ഐ തിരികെ വീട്ടിലെത്തി. ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാര്‍ ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. ഉത്തംകുമാറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച്ച രാവിലെ മുതലാണ് ഉത്തംകുമാറിനെ കാണാതായത്. സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാര്‍ നാടുവിട്ടതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. വ്യാഴാഴ്ച്ച ഡ്യൂട്ടിയ്ക്ക് വൈകിയെത്തിയതിന് സി ഐ ഹാജര്‍ ബുക്കില്‍ ഉത്തംകുമാര്‍ അബ്‌സെന്റ് ആണെന്ന് രേഖപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് ഉത്തംകുമാര്‍ വീട്ടില്‍ മടങ്ങി എത്തി. എന്നാല്‍ വൈകിട്ടോടെ ഇദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചു. സംഭവത്തില്‍ വിശദീകരണം നല്‍കാനായി പോലീസ് സ്‌റ്റേഷനിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഉത്തംകുമാറിനെ കാണാതാകുകയായിരുന്നു.

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഉത്തംകുമാര്‍ വീട്ടില്‍ തിരിച്ചെത്തിയത്. പൊലീസ് വീട്ടിലെത്തി ഉത്തംകുമാറിനെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നിരിക്കുകയാണ്. ഉത്തംകുമാറിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും വൈകിയെത്തിയതിനാല്‍ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സിഐ നല്‍കിയ വിശദീകരണം.

Related Articles

Back to top button