IndiaInternationalLatest

ഇസ്രായേലിൽ നെതന്യാഹു ഭരണം അവസാനിച്ചേക്കും

“Manju”

ജറുസലേം:  ഇസ്രാഈലില്‍ ഒരു പതിറ്റാണ്ടിലേറെ നീണ്ട ബെഞ്ചമിന്‍ നെതന്യാഹു ഭരണം അവസാനിച്ചേക്കും. ഇതിനായി നാടകീയ രാഷ്ട്രീയ നീക്കങ്ങളാണ് ഇസ്രാഈലില്‍ അരങ്ങേറികൊണ്ടിരിക്കുന്നത്. മുന്‍ പ്രതിരോധ വകുപ്പ് മേധാവി നാഫ്റ്റലി ബെനറ്റ് നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ ‘യമീന’, പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നെതന്യാഹുവിന് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റത്. ജൂണ്‍ രണ്ടിനകം സര്‍കാര്‍ രൂപവത്കരിക്കാന്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡിനെ നേരത്തെ പ്രസിഡന്റ് ക്ഷണിച്ചിരുന്നു.

സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ വോട്ട് സമാഹരിക്കുന്നതില്‍ നേരത്തെ വിജയിക്കുമെന്ന് തോന്നിച്ചിരുന്നുവെങ്കിലും ഗസ്സ ആക്രമണത്തോടെ അറബ് കക്ഷി പിന്‍വാങ്ങിയത് തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് ടെലിവിഷന്‍ പ്രഭാഷണത്തില്‍ ലാപിഡിനൊപ്പം സര്‍ക്കാരുണ്ടാക്കുമെന്ന് ബെനറ്റ് പ്രഖ്യാപനം നടത്തിയത്. ബെനറ്റിന്റെ യമീന പാര്‍ട്ടിക്ക് ആറു സീറ്റുണ്ട്.
അതുകൂടിയായാല്‍ 120 അംഗ സഭയില്‍ ലാപിഡിന്റെ യെഷ് അതീദ് പാര്‍ട്ടിക്ക് ഭരണം ഉറപ്പിക്കാം. കരാര്‍ പ്രകാരം ആദ്യം പ്രധാനമന്ത്രിയായി ബെനറ്റ് തന്നെയെത്തും. നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ ലാപിഡിന് കൈമാറും. ബെനറ്റ് നടത്തിയത് നൂറ്റാണ്ടിന്റെ ചതിയാണെന്നും ഇസ്രാഈലിന്റെ സുരക്ഷയ്ക്കും ഭാവിക്കും ഈ സഖ്യം ഭീഷണിയാണെന്നും പ്രധാനമന്ത്രി നെതന്യാഹു കുറ്റപ്പെടുത്തി.

Related Articles

Back to top button