IndiaKeralaLatest

ആരോഗ്യ പ്രവർത്തകർക്കൊപ്പം നമ്മളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കരിക്ക് താരം

“Manju”

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ആശങ്ക അറിയിച്ച്‌ കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ അനു.കെ. അനിയന്‍. താന്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുടെ മകനാണ് എന്ന് പറഞ്ഞുകൊണ്ടാണ് താരം ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
എന്റെ അമ്മ ഒരു ആരോഗ്യപ്രവര്‍ത്തകയാണ്.
ഒരു ആരോഗ്യപ്രവര്‍ത്തകയുടെ മകനാണ് ഞാന്‍ എന്ന് പറയുമ്ബോള്‍ തന്നെ ഒരുപാട് സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്.
ശരിയാണ് നമ്മളെല്ലാവരും വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെ ആണ്
ഈ കോവിഡ് കാലഘട്ടത്തെ അഭിമുഖീകരിച്ച്‌ കൊണ്ടിരിക്കുന്നത്.
എന്നാല്‍ അതിനേക്കാള്‍ എത്രയോ ഇരട്ടി മാനസികസംഘര്‍ഷങ്ങളും ഭീതിയും ഒക്കെ ഉള്ളിലൊതുക്കി, സ്വന്തം ജീവന്‍ പോലും പണയം വച്ചുകൊണ്ട് ഡോക്ടര്‍മാരും നഴ്സുമാരും അതുപോലുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകരും നമ്മള്‍ക്ക് വേണ്ടി ഇപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്.. നമ്മുടെ സൂപ്പര്‍ ഹീറോസ്, മാലാഖമാര്‍ എന്ന് ബഹുമതികള്‍ ഒക്കെ കൊടുത്ത പോസ്റ്റുകളിലൂടെയും സ്റ്റാറ്റസുകളിലൂടെയും ഒക്കെ അവരെ വാഴ്ത്തപ്പെടുമ്ബോള്‍, ഒരു ചെറുപുഞ്ചിരിയോടെ അവര്‍ മനസ്സില്‍ പറയുന്നുണ്ടാവും.
” യാതൊരു സൂപ്പര്‍പവറുകളോ , അമാനുഷികതയോ മാജിക്കോ ഒന്നുമില്ലാത്ത വെറും സാധാരണ മനുഷ്യര്‍ തന്നെയാണ് ഞങ്ങളും. അറിയുന്ന ജോലി ലഭ്യമായ ചികിത്സസംവിധാനങ്ങളുടെ ഒക്കെ സഹായത്തോടുകൂടി ആത്മാര്‍ത്ഥമായി ചെയ്യുന്നു എന്ന് മാത്രം.. ”
എന്നാലിപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന കുറച്ച്‌ വാര്‍ത്തകള്‍ വളരെയധികം വിഷമം തോന്നിപ്പിക്കുന്നു.
പലയിടങ്ങളിലും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ അക്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഓക്സിജന്റെ ലഭ്യത കുറവിനെ ചൊല്ലിയും,കോവിഡ്മൂലം ഉറ്റവരുടെ മരണത്തില്‍ ഉണ്ടാകുന്ന രോഷത്തിലും ആളുകള്‍ ആരോഗ്യപ്രവര്‍ത്തകരെ മൃഗീയമായി തല്ലി ചതക്കുന്നു..
മനുഷ്യരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നവരുടെ ജീവന് ഒരു വിലയും സുരക്ഷയും ഇല്ലാത്ത സ്ഥിതി.
ഒരു ഹോസ്പിറ്റലില്‍ മതിയായ ഓക്സിജന്‍ ലഭ്യതയോ, വെന്റിലേറ്റര്‍ സംവിധാനങ്ങളോ ഇല്ലയെങ്കില്‍ അത്യാസന്ന നിലയില്‍ കൊണ്ടുവരുന്ന ഒരു രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞുഎന്ന് വരില്ല.. അതിന്റെ ഉത്തരവാദിത്വം ഒരിക്കലും ആരോഗ്യപ്രവര്‍ത്തകര്‍ക്കല്ല, വേണ്ടത്ര ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാത്ത ബന്ധപ്പെട്ട അധികാരികള്‍ക്കാണ്.
അതില്‍ ഏറ്റവും വലിയ ഉത്തരവാദി നമ്മള്‍ തന്നെയാണ്, കാരണം നമ്മുടെ അശ്രദ്ധ കൊണ്ട് തന്നെയാണ് ഈ അസുഖം നമ്മളിലേക്കും നമ്മുടെ ഉറ്റവരിലേക്കും ഒക്കെ എത്തിയത്, ഈ രോഗം ഇത്രയും വലുതായി വ്യാപിച്ചതും ആ അശ്രദ്ധകൊണ്ട് തന്നെയാണ്.
ഓരോ ദിവസത്തെയും കോവിഡ് രോഗികളുടെ കണക്കുകളിലും നല്ലൊരു ശതമാനം ആരോഗ്യപ്രവര്‍ത്തകരും ഉണ്ട് എന്ന് നമ്മള്‍ ഓര്‍ത്താല്‍ നല്ലത്.
അവരും മനുഷ്യരാണ്..
അവര്‍ നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന പോലെ നമ്മളും അവരുടെ കൂടെ ഉണ്ട് എന്ന് പറയുന്നത് നമ്മുടെ കടമയാണ്.
അവര്‍ക്ക് നേരെയുള്ള ഇത്തരം അക്രമങ്ങള്‍ ഉണ്ടാകാന്‍ ഒരിക്കലും ഇടയാക്കരുത്.
” അവരുടെ സംരക്ഷണവും സുരക്ഷിതത്വവും നമ്മളുടെകൂടെ ആവശ്യകതയാണ്..
ആരോഗ്യപ്രവര്‍ത്തകരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറക്കുന്നതിനും അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും വേണ്ട കര്‍മ്മ പദ്ധതികള്‍ വളരെ അനിവാര്യമാണ്… ”
കര്‍ഷകര്‍ക്കും ലക്ഷദ്വീപിനും ഒക്കെ ഒപ്പം നിന്ന നമ്മള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒപ്പം ഉണ്ടാകണം.

Related Articles

Back to top button