KeralaLatest

ഫെയ്സ് ബുക്കില്‍ വ്യാജന്‍മാര്‍ പെരുകുന്നു

“Manju”

തൃശ്ശൂര്‍: ഫെയ്സ് ബുക്ക് ഉപയോഗിച്ചുള്ള തട്ടിപ്പ് മുമ്പത്തേക്കാള്‍ ലോക് ഡൗണ്‍ സമയങ്ങളില്‍ കൂടി. ജില്ലയില്‍ പ്രതിമാസം ശരാശരി 200 എന്ന തോതിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങള്‍. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവ ഇതിന്റെ മൂന്നിരട്ടിയെങ്കിലും വരുമെന്നാണ് സൈബര്‍ പോലീസിന്റെ നിഗമനം. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയില്‍ കേസാക്കി രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമില്ലാത്തവരാണ് 90 ശതമാനവും. പോലീസിനെ അറിയിക്കുക മാത്രം മതിയെന്ന കാഴ്ചപ്പാടിലാണിത്. നാണക്കേട് ഓര്‍ത്താണ് കേസാക്കുന്നതില്‍ നിന്ന് പലരും പിന്‍മാറുന്നത്. തട്ടിപ്പില്‍ അകപ്പെടുന്നവരില്‍ വിദ്യാസമ്പന്നരും ഉന്നത ശ്രേണിയിലുള്ള ജോലിക്കാരും ഉണ്ട്. മൂന്നു തരം തട്ടിപ്പുകളാണ് ഫെയ്സ് ബുക്ക് ഉപയോഗിച്ച്‌ വ്യാപകമായി വരുന്നത്.

പരിചയപ്പെട്ട ശേഷം സ്വര്‍ണം, ഡയമണ്ട് തുടങ്ങിയവ നികുതി ഒഴിവാക്കി വാങ്ങാന്‍ സഹായിക്കാം എന്ന വാഗ്ദാനമാണ് മുന്നോട്ടുവയ്ക്കുക. സ്ത്രീകളാണ് കൂടുതലും ഇത്തരം ചതിയില്‍ വീഴുന്നത്. കസ്റ്റംസിന്റെ ക്ലിയറന്‍സിന് വേണ്ടി തുടക്കത്തില്‍ 10,000 രൂപയാണ് ചോദിക്കുന്നത്. ഇത് കൊടുക്കുമ്പോള്‍ മറ്റ് തടസങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം തട്ടാന്‍ ശ്രമം ഉണ്ടാവും. അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലുള്ള ഇന്ത്യക്കാര്‍ എന്ന പേരിലാണ് പരിചയപ്പെടുന്നത്.

നല്ല പെരുമാറ്റത്തിലൂടെ വിശ്വാസത്തിലെടുത്ത ശേഷമാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഒരു സ്ത്രീയുടെ കൈയ്യില്‍ നിന്ന് 12 ലക്ഷം രൂപയാണ് ഇത്തരം തട്ടിപ്പുകാര്‍ കവര്‍ന്നത്. വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തെറ്റി ധരിപ്പിച്ച്‌ സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുന്നതാണ് രണ്ടാമത്തെ രീതി. ബിസിനസുകാര്‍, പോലീസുകാര്‍, ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ ചിലരുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു അപകടാവസ്ഥയിലാണെന്നും അടിയന്തരമായി പണം വേണമെന്നും ആവശ്യപ്പെട്ടുള്ള മെസേജാണ് വരിക. പണം നിക്ഷേപിക്കാനുള്ള അക്കൗണ്ട് നമ്പരും വയ്ക്കും.

യഥാര്‍ഥമാണോ എന്ന് ഉറപ്പിക്കാതെ പണം കൊടുക്കുന്നവരുടെ അക്കൗണ്ടിലെ ശേഷിക്കുന്ന പണം കൂടി പോവും എന്നതാണ് സത്യം .ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ അശ്ലീല വീഡിയോ കോള്‍ ചെയ്ത് അത് റെക്കോഡ് ചെയ്ത് കാണിച്ചുള്ള സൈബര്‍ ഹണി ട്രാപ്പാണ് മൂന്നാമത്തേത്.ചെറുപ്പക്കാരാണ് ഇതിന്റെ ഇരകളേറെയും. പണം കൊടുത്തില്ലെങ്കില്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്.

Related Articles

Back to top button