KeralaLatest

ഒരുമാസത്തിനിടെ അനാഥരായി ആറു പെണ്‍കുട്ടികള്‍

“Manju”

തിരുവമ്പാടി: ഒരുമാസത്തിനിടെ മാതാപിതാക്കളുടെ മരണം അനാഥരാക്കിയത് രണ്ട് കുടുംബങ്ങളിലെ ആറുപെണ്‍കുട്ടികളെ. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയില്‍ ഓടപ്പൊയില്‍ ആദിവാസി കോളനിയിലാണ് അനാഥത്വത്തിെന്‍റ കണ്ണീര്‍ കാഴ്ച.  ഓടപ്പൊയില്‍ കോളനിയിലെ ഓമന ഒരുമാസം മുമ്പ് രോഗം ബാധിച്ച്‌ മരിച്ചതോടെയാണ് മൂന്നു പെണ്‍കുട്ടികള്‍ക്ക് ആശ്രയമില്ലാതെയായത്. ഓമനയുടെ ഭര്‍ത്താവ് കൃഷ്ണന്‍ നാലുവര്‍ഷം മുമ്പ് മരിച്ചിരുന്നു. കോളനിയില്‍ താമസിച്ചിരുന്ന ഗോപന്‍ പത്തു ദിവസം മുമ്പാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിനി ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഗോപന്‍- സിനി ദമ്പതികളുടെ മൂന്നു പെണ്‍കുട്ടികളും ആശ്രയമില്ലാതെ കഴിയുകയാണ്.

അനാഥരായ പെണ്‍കുട്ടികളില്‍ മൂന്നുപേര്‍ ആനക്കാംപൊയില്‍ സെന്‍റ് മേരീസ് യു.പി സ്കൂളിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ്. രണ്ടുപേര്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍. ഒരാള്‍ എസ്.എസ്.എല്‍.സിക്ക് ശേഷം പഠനം നിര്‍ത്തി. കോളനിയിലെ മറ്റു നാലു കുട്ടികള്‍ ആനക്കാംപൊയില്‍ യു.പി സ്കൂളില്‍ പഠിക്കുന്നുണ്ട്. ഇവരില്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ നേരത്തേ മരിച്ചു. മറ്റൊരു കുട്ടിക്ക് അമ്മയില്ല. ആനക്കാംപൊയില്‍ ഗവ.എല്‍.പി. സ്കൂളില്‍ പഠിക്കുന്ന നാലുപേരില്‍ ഒരാളുടെ അച്ഛനും മരിച്ചു.

കോളനിയിലെ അനാഥരായ കുട്ടികള്‍ ചൂഷണത്തിന് വിധേയമാകാനുള്ള സാധ്യതയുണ്ടെന്ന് യു.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജയിംസ് ജോഷി പറഞ്ഞു. സാമൂഹിക കാരണങ്ങളാല്‍ കോളനിയില്‍ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞ അവസ്ഥയാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കടുത്ത മദ്യപാനം കോളനിവാസികളെ നിത്യരോഗികളാക്കുന്ന സാഹചര്യമുണ്ട്. കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കാത്ത സാഹചര്യവുമുണ്ട്. സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സമയങ്ങളില്‍ കുട്ടികള്‍ക്ക് അവിടെനിന്ന് ഭക്ഷണം ലഭിക്കുന്നത് ആശ്വാസമായിരുന്നുവെന്നും അധ്യാപകര്‍ പറഞ്ഞു.

പത്തു കുടുംബങ്ങളാണ് ഓടപ്പൊയില്‍ ആദിവാസി കോളനിയിലുള്ളത്. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കോളനിയിലെ വിദ്യാര്‍ഥികളുടെ പഠനവും ‘ഓണ്‍ലൈന്‍’ കാലത്ത് വഴിമുട്ടിയിരിക്കയാണ്.
കഴിഞ്ഞവര്‍ഷം ആനക്കാംപൊയില്‍ അങ്ങാടിയിലെ വായനശാലയില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ ടെലിവിഷന്‍ സൗകര്യമൊരുക്കിയിരുന്നെങ്കിലും കുട്ടികളെ എത്തിക്കാന്‍ രക്ഷിതാക്കള്‍ താല്‍പര്യം കാണിച്ചിരുന്നില്ല.

Related Articles

Back to top button