India

പ്രത്യേക പദവി പുനസ്ഥാപിക്കണം , രാഷ്ട്രീയ തടവുകാരെ വിട്ടയക്കണം 

“Manju”

ന്യൂഡല്‍ഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് രാഷ്ട്രീയ നേതാക്കൾ . ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് യോഗത്തിൽ കശ്മീരിലെ നേതാക്കൾ ഉന്നയിച്ചത് . ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും പുനസ്ഥാപിക്കണമെന്നതായിരുന്നു അതിൽ പ്രധാനമായി ചൂണ്ടിക്കാട്ടിയതെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു .

കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുക, ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം ഉറപ്പാക്കുക , എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക , വാസയോഗ്യമായ നിയമങ്ങൾ കൊണ്ടു വരിക എന്നീ ആവശ്യങ്ങളും മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ നേതാക്കൾ ഉന്നയിച്ചു.

രാഷ്ട്രീയ ഭിന്നതയുണ്ടാകുമെങ്കിലും ജനങ്ങളുടെ നന്മയ്ക്കായി എല്ലാവരും ഒത്തു ചേർന്ന് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

2019 ഓഗസ്റ്റ് 5 ന് കേന്ദ്രസർക്കാർ ജമ്മു കശ്മീരിനോട് ചെയ്തത് വിശ്വാസ ലംഘനമാണെന്നായിരുന്നു ഒമർ അബ്ദുല്ല പറഞ്ഞത് . “2019 ഓഗസ്റ്റ് 5 ന് നടന്ന കാര്യങ്ങൾക്കൊപ്പം ഞങ്ങൾ നിൽക്കില്ലെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അത് സ്വീകരിക്കാൻ തയ്യാറല്ല. പക്ഷേ ഞങ്ങൾ നിയമം കൈയിലെടുക്കില്ല. ഞങ്ങൾ കോടതിയിൽ പോരാടും. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയാണെന്നാണ് ഒമർ അബ്ദുല്ല പറഞ്ഞത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമാണെന്ന് പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ പറഞ്ഞു. ഡിലിമിറ്റേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ എല്ലാവരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി ജമ്മു കശ്മീർ അപ്നി പാർട്ടിയുടെ നേതാവ് അൽതാഫ് ബുഖാരി പറഞ്ഞു. തിരഞ്ഞെടുപ്പിലേക്കുള്ള വഴികാട്ടിയാണിതെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും അൽതാഫ് ബുഖാരി പറഞ്ഞു.

യോഗം മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നത് യോഗത്തിന്റെ വിജയത്തിന്റെ സൂചനയാണെന്ന് യോഗം സമാപിച്ച ഉടൻ തന്നെ ബിജെപി നേതാവ് രാം മാധവ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button