LatestThiruvananthapuram

സ്‌കൂള്‍തല ഓണ്‍ലൈന്‍ ക്ലാസ് ജൂലൈയില്‍ ആരംഭിക്കും

“Manju”

തിരുവനന്തപുരം ;സംസ്ഥാനത്തെ പൊതുവിദ്യാലയത്തില്‍ സ്‌കൂള്‍തല ഓണ്‍ലൈന്‍ ക്ലാസ് ജൂലൈയില്‍ ആരംഭിക്കും. അധ്യാപകര്‍ക്ക് ക്ലാസെടുക്കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം നിര്‍മാണം അവസാനഘട്ടത്തിലാണ്.രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ജൂലൈ 15നകം പുറത്തിറക്കും. ഡിജിറ്റല്‍ ക്ലാസ് ടെലിവിഷനില്‍ ലഭ്യമാകുമെങ്കിലും തത്സമയ ക്ലാസിന് സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്, ഡെസ്‌ക്ടോപ് എന്നിവയില്‍ ഒന്നും ഇന്റര്‍നെറ്റ് കവറേജും ആവശ്യമാണ്. മലയോരമേഖലയിലും പിന്നോക്കപ്രദേശത്തും കവറേജ് ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സേവനദാതാക്കളുടെ യോഗം വിളിച്ച്‌ നടപടിയെടുത്തിരുന്നു.

തദ്ദേശഭരണസ്ഥാപനം പഠന സൗകര്യം ഉറപ്പാക്കണമെന്ന് മന്ത്രി എം വി ഗോവിന്ദനും നിര്‍ദേശിച്ചു. ഇല്ലാത്തവര്‍ക്ക് പഠനത്തിനായി സംഘടനകളും കൂട്ടായ്മകളും സ്മാര്‍ട്ട്ഫോണ്‍ വിതരണം ചെയ്യുന്നു. സ്‌കൂളുകളിലുള്ള ഒരു ലക്ഷത്തോളം ലാപ്ടോപ്പും കംപ്യൂട്ടറും ആദിവാസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇവയുടെ സംരക്ഷണ ചുമതല ക്ലാസ് അധ്യാപകര്‍ക്കാകും. സ്‌കൂള്‍തല ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് അധ്യാപക നിയമന നടപടി പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. നിയമന ഉത്തരവ് ലഭിച്ചവര്‍ക്കെല്ലാം ഉടന്‍നിയമനം ലഭിക്കും.

സ്‌കൂള്‍തലത്തില്‍ ആദ്യഘട്ടം ഏതെല്ലാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നതില്‍ തീരുമാനമായില്ല. 10, 12 ക്ലാസുകാര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നാണ് പൊതു നിര്‍ദേശം. ആദിവാസി, പിന്നോക്കമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യം നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button