India

ബാങ്ക്‌ കൊള്ളയടിച്ച് മാതാപിതാക്കൾക്ക് സ്വർണവും കാറും വാങ്ങി നൽകി 18കാരൻ

“Manju”

നാഗ്പൂർ: ബാങ്ക് കൊള്ളയടിച്ച് വിലയേറിയ സ്വർണ്ണാഭരണങ്ങളും പണവും മാതാപിതാക്കൾക്ക് വാങ്ങി നൽകിയ 18 വയസുകാരനും കൂട്ടാളിയും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ അജയ്‌യേയും കൂട്ടാളി പ്രദീപിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾക്ക് തന്നിൽ മതിപ്പുണ്ടാകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

നാഗ്പൂർ ഇന്ദിരാഗാന്ധി നഗറിലെ സഹകരണ ബാങ്കിൽ നിന്നുമാണ് ഇവർ പണവും സ്വർണവും കവർന്നത്. 4.7 ലക്ഷം രൂപയുടെ ആഭരണവും പണവുമാണ് കവർന്നത്. ഇരുവരുടേയും കയ്യിൽ ധാരാളം പണം എത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങുന്നത്. രാജസ്ഥാനിലേക്ക് മുങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

ബാങ്കിൽ നിന്നും മോഷ്ടിച്ച പൈസയും ആഭരണവും കൊണ്ട് മാതാപിതാക്കൾക്ക് സമ്മാനങ്ങൾ വാങ്ങി നൽകുകയായിരുന്നു. അമ്മയ്ക്ക് 40,000 രൂപയുടെ ആഭരണങ്ങളും അച്ഛന് 50,000 രൂപയുടെ ഒരു സെക്കൻ ഹാൻഡ് കാറുമാണ് അജയ് വാങ്ങി നൽകിയത്. ഇതിനു പുറമെ അജയ്‌യും പ്രദീപും വിലകൂടിയ മൊബൈൽ ഫോണും വാങ്ങി. ഒരു കാറും കൂടി വാങ്ങി രാജസ്ഥാനിലേക്ക് മുങ്ങാനായിരുന്നു ഇരുവരുടേയും പദ്ധതി.

അജയ്‌യും പ്രദീപും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. അച്ഛനും അമ്മയ്ക്കും ഇടയിൽ മതിപ്പുണ്ടാക്കാൻ വേണ്ടിയാണ് താൻ മോഷണത്തിനിറങ്ങിയതെന്ന് അജയ് പോലീസിനോട് പറഞ്ഞു. എന്നാൽ വീട്ടുകാരോട് പ്രതികാരം ചെയ്യാൻ വേണ്ടിയാണ് പ്രദീപ് മോഷ്ടിച്ചതെന്നാണ് പോലീസ് അറിയിച്ചത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ മോഷണ മുതൽ ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കിയെല്ലാം ചെലവഴിച്ചതായാണ് പോലീസ് അറിയിച്ചത്.

Related Articles

Back to top button