IndiaLatest

പഠനത്തിനായുള്ള ഫോണിനുള്ള പണം കണ്ടെത്താന്‍ മാമ്പഴ കച്ചവടം നടത്തി 11കാരി

“Manju”

ജാംഷെഡ്പുര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സ്‌കൂളുകള്‍ അടച്ചിട്ടതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനിലൂടെയാണ്. എന്നാല്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ഭൂരിഭാഗം കുട്ടികള്‍ക്കും ഇപ്പോഴും സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പുകളും അപ്രാപ്യമാണ്.

പഠനം തുടരാനുള്ള ആഗ്രഹത്താല്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് പണം കണ്ടെത്താന്‍ ഝാര്‍ഖണ്ഡിലെ ജാംഷെഡ്പുര്‍ സ്വദേശിനിയായ പതിനൊന്നുകാരി തിരഞ്ഞെടുത്തത് തെരുവോരത്ത് മാമ്ബഴക്കച്ചവടമാണ്. സ്മാര്‍ട്ട്ഫോണില്ലാത്തതിനാല്‍ ക്ലാസുകള്‍ കാണാനോ കേള്‍ക്കാനോ തുല്‍സിക്ക് കഴിയാതെ വന്നതോടെയാണ് സ്വയം പണം കണ്ടെത്താന്‍ തുല്‍സികുമാര്‍ തീരുമാനിച്ചത്.

ഒരു ഫോണ്‍ വാങ്ങാന്‍ വീട്ടുകാര്‍ക്കും സാധ്യമാകാതെ വന്നതോടെയാണ് മാമ്ബഴം വിറ്റ് കിട്ടുന്ന പണം കൂട്ടി വെച്ച്‌ ഫോണ്‍ വാങ്ങാമെന്ന് ആ കുഞ്ഞുമനസ് കരുതിയത്. എന്നാല്‍ തുല്‍സിക്ക് അധികനാള്‍ മാമ്ബഴവില്‍പന നടത്തേണ്ടി വന്നില്ല.

തുല്‍സിയുടെ കഥ ഒരു പ്രാദേശിക ചാനലിലൂടെ അറിയാനിടയായ വാല്യുബിള്‍ എഡ്യൂടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ അമേയ ദേവദൂതനെ പോലെ അവള്‍ക്ക് സഹായവുമായെത്തി. എന്നാല്‍ സൗജന്യമായി സഹായം നല്‍കുന്നതിന് പകരം തുല്‍സിയുടെ പക്കല്‍ നിന്ന് അദ്ദേഹം മാമ്ബഴങ്ങള്‍ വാങ്ങി. ഓരോ മാമ്ബഴത്തിനും 10,000 രൂപ വീതം നല്‍കി പന്ത്രണ്ടെണ്ണം അമേയ വാങ്ങി.

1,20,000 രൂപ തുല്‍സിയുടെ അച്ഛന്‍ ശ്രീമല്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച അമേയ ട്രാന്‍സ്ഫര്‍ ചെയ്തു. ഝാര്‍ഖണ്ഡിലെ ജാംഷെഡ്പുരിലാണ് തുല്‍സിയുടെ വീട്. സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാതരത്തിലാണ് തുല്‍സി ഇപ്പോള്‍ പഠിക്കുന്നത്. ഇനിയിപ്പോള്‍ തുല്‍സിക്ക് ക്ലാസുകള്‍ മുടങ്ങില്ല.

പലയിടങ്ങളിലും അദ്ധ്യാപകര്‍ തന്നെ മുന്നിട്ടിറങ്ങി തങ്ങളുടെ കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കി നല്‍കുന്നുണ്ട്. കൂടാതെ അമേയയെ പോലുള്ള സുമനസ്സുകളും കുട്ടികളുടെ സഹായത്തിനെത്തിച്ചേരുന്നത് കോവിഡ് കാലത്തെ നന്മ നിറഞ്ഞ കാഴ്ചകളില്‍ പെടുന്നു.

Related Articles

Back to top button