IndiaLatest

വ്യോമമേഖലയുടെ സംരക്ഷണത്തിന് ‘എയര്‍ ഡിഫന്‍സ് കമാന്‍ഡ്’

“Manju”

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ ഡ്രോണ്‍ അക്രമണത്തെ തുടര്‍ന്ന് സൈന്യം അതീവജാഗ്രതയിലാണ്. വ്യോമ വെല്ലുവിളികളെ നേരിടാന്‍ വ്യോമ പ്രതിരോധ കമാന്‍ഡ് സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. ‘മാരിടൈം കമാന്‍ഡും’, ‘എയര്‍ ഡിഫന്‍സ് കമാന്‍ഡും’ സൃഷ്ടിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
വ്യോമമേഖലയുടെ സംരക്ഷണമാണ് എയര്‍ ഡിഫന്‍സ് കമാന്‍ഡിന്റെ ഉത്തരവാദിത്തമെന്ന് അദ്ദേഹം പറഞ്ഞു. വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ എയര്‍ ഡിഫന്‍സ് കമാന്‍ഡ് നിരീക്ഷിക്കും.
ജമ്മുവിലെ വ്യോമതാവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് ശേഷം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വ്യോമമേഖലയെ സംരക്ഷിക്കുകയെന്നതാണ് ഇപ്പോള്‍ ഒരു കമാന്‍ഡറുടെ പ്രധാന ഉത്തരവാദിത്തം.
ഇന്ത്യന്‍ മഹാസമുദ്രത്തിലും ഭീഷണി വര്‍ധിച്ച് വരികയാണ്. ഈ ഭീഷണിയെ നേരിടാനാണ് മാരിടൈം കമാന്‍ഡ് സ്ഥാപിക്കുന്നതെന്നും സംയുക്ത സേനാ മേധാവി വെളിപ്പെടുത്തി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സംരക്ഷണമാണ് മാരിടൈം കമാന്‍ഡിന്റെ ഉത്തരവാദിത്തം.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മറ്റ് രാജ്യങ്ങളുടെ ഭീഷണി വര്‍ധിക്കുന്നതിനുമുമ്പ്, രാജ്യത്തിന്റെ സമുദ്രമേഖലയുടെ സുരക്ഷ ശക്തിപ്പെടുത്തണം. സമുദ്ര സുരക്ഷയ്ക്കായി നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയെ വിന്യസിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ നമ്മുടെ കണ്ണും കാതുമാണെന്നും, മാരിടൈം കമാന്‍ഡ് എല്ലാ ജനങ്ങളുമായും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.
വെസ്റ്റ് ഫ്രണ്ട്, നോര്‍ത്ത് ഫ്രണ്ട് എന്നീ വിഭാഗങ്ങളിലൂടെ സൈന്യത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും ബിപിന്‍ റാവത്ത് പറയുന്നു. ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ക്കെതിരായ പോരാട്ടം, ചൈനീസ്-പാക് അതിര്‍ത്തികളിലെ പ്രവര്‍ത്തനം തുടങ്ങി നിലവില്‍ നോര്‍ത്തേണ്‍ ഫ്രണ്ടിന് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്.
ഭാവിയിലെ വെല്ലുവിളികളെ മുന്‍കൂട്ടി കണ്ടായിരിക്കും വെസ്റ്റ് ഫ്രണ്ടിന്റെ പ്രവര്‍ത്തനം. ”സ്ഥിതി ഇപ്പോള്‍ മികച്ചതാണ്. എന്നാല്‍ എല്ലായ്‌പ്പോഴും നല്ലതായിരിക്കുമെന്ന് പറയാനാകില്ല. സാഹചര്യം വഷളായാല്‍, അത്തരം നിമിഷങ്ങള്‍ക്ക് വേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തം”, അഭിമുഖത്തില്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.
ഓഗസ്റ്റ് 15 മുതല്‍ എയര്‍ ഡിഫന്‍സ് കമാന്‍ഡ് ആരംഭിക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന്റെ ആയുധ സംരക്ഷണം ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങള്‍ കമാന്‍ഡിനുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ത്രീ സ്റ്റാര്‍ ഓഫീസര്‍ കമാന്‍ഡിനെ നയിക്കും.

Related Articles

Back to top button