IndiaLatest

മനുഷ്യക്കടത്തിനെതിരെ കര്‍ശന നിയമവുമായി കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: മനുഷ്യക്കടത്തിനെതിരെ കര്‍ശന നിയമവുമായി കേന്ദ്രസര്‍ക്കാര്‍. പത്ത് വര്‍ഷം വരെ കഠിന തടവ് ശിക്ഷയും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന നിയമമാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ബില്‍ പാര്‍ലമെന്റില്‍ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. വനിതാ ശിശുക്ഷേമ മന്ത്രാലയം ആണ് ബില്‍ തയ്യാറാക്കിയത്.
മനുഷ്യക്കടത്ത് സംഘങ്ങളുടെ ഭാഗമായവര്‍ക്ക് ചുരുങ്ങിയത് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷ നല്‍കുന്നതാണ് പുതിയ നിയമം. മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മനുഷ്യക്കടത്ത് നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ബില്ലില്‍ പറയുന്നു. ഇതുസംബന്ധിച്ച കരട് ബില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.
പൊതുജനങ്ങളോട് അഭിപ്രായവും കേന്ദ്രം തേടിയിട്ടുണ്ട്. ജൂലൈ 14നകം അഭിപ്രായം അറിയിക്കാനാണ് നിര്‍ദ്ദേശം. മനുഷ്യക്കടത്ത് തടയുന്നതിനും നേരിടുന്നതിനും ദേശീയ അന്വേഷണ ഏജന്‍സിയായി എന്‍ഐഎ പ്രവര്‍ത്തിക്കുമെന്നും നിയമത്തില്‍ പറയുന്നു.
സംസ്ഥാന, ജില്ലാ തലത്തില്‍ മനുഷ്യക്കടത്ത് വിരുദ്ധ സമിതികള്‍ രൂപീകരിക്കും. മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും പരസ്യം ചെയ്യുകയോ അച്ചടിക്കുകയോ സംപ്രക്ഷേണം ചെയ്യുകയോ ചെയ്യുന്നയാളും ശിക്ഷ നേരിടേണ്ടി വരുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

Related Articles

Back to top button