IndiaLatest

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കലാസൃഷ്ടിയാക്കി ഡല്‍ഹി സ്വദേശി

“Manju”

ന്യൂഡല്‍ഹി: പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. നമുക്ക് ഒരുപാട് ഉപകാരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇത് പരിസ്ഥിതിയെ കാര്‍ന്നുതിന്നുന്ന ഒരു ഭീകരന്‍ കൂടിയാണ് പ്ലാസ്റ്റിക് എന്നതാണ് വസ്തുത. ഭൂമിക്കും ഭാവി തലമുറക്കും പ്ലാസ്റ്റിക് വരുത്തിവെക്കുന്ന ഭീഷണി വലുതാണ്. പരിസ്ഥിതിക്ക് ആഴത്തിലുള്ള നാശനഷ്ടമുണ്ടാക്കുന്നതും, കാലാവസ്ഥാ വ്യതിയാനത്തിനുവരെ കാരണമാവുകയും ചെയ്യുന്ന ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കുക എന്നതാണ് ജൂലൈ 3 ന് ആചരിച്ച ലോകം അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ലോകമെമ്ബാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക്ക് ഉപഭോഗം കുറയ്ക്കുന്നത് സംബന്ധിച്ച്‌ നിരന്തരമായി അവബോധം നല്‍കാന്‍ ശ്രമിക്കുമ്ബോള്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പലരും പ്ലാസ്റ്റിക് ക്രിയാത്മകമായും സര്‍ഗ്ഗാത്മകമായും ഉപയോഗിക്കാന്‍ പറ്റുന്ന നൂതന മാര്‍ഗങ്ങളന്വേഷിക്കുകയാണ്. താന്‍ ശേഖരിച്ച 250 കിലോയിലധികം വരുന്ന ബഹുപാളികളായുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് വിവിധ കലാസൃഷ്ടികളുണ്ടാക്കാന്‍ ശ്രമിക്കുന്ന ഡല്‍ഹിയിലെ ആര്‍ട്ടിസ്റ്റ് മന്‍വീര്‍ സിംഗ് ഇതിന് ഉത്തമ ഉദാഹരണമാണ്.
”2018 ലാണ് എന്റെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സര്‍ഗ്ഗസൃഷ്ടികളില്‍ വര്‍ണ്ണാഭമായ നിറങ്ങളായി ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. അതോടൊപ്പം വീടു വീടാന്തരമുള്ള മാലിന്യ ശേഖരണം വഴി ജനങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുകയും ചെയ്തു,” വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിച്ച അദ്ദേഹം പറയുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിനായി ലോകമെമ്ബാടുമുള്ള കലാകാരന്മാര്‍ അവരവരുടെ സൃഷ്ടികളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതലായി സമുദ്രത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന രാജ്യങ്ങളിലൊന്നാണ് തന്റെ രാജ്യം എന്ന് ഫിലിപ്പിനോ ആര്‍ട്ടിസ്റ്റ് ഗില്‍ബര്‍ട്ട് ഏഞ്ചല്‍സ് കണ്ടെത്തിയപ്പോള്‍ത്തന്നെ അതിനെതിരെ, എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജനോപകാരപ്രദമായ മറ്റൊരു രീതിയില്‍ എങ്ങനെ വിനിയോഗിക്കുന്നതിനുള്ള ഏറ്റവുംനല്ല മാര്‍ഗ്ഗം എന്താണെന്ന് ഏഞ്ചല്‍സ് കണ്ടെത്തിയത്. കീറിപറിഞ്ഞ പ്ലാസ്റ്റിക് മുതല്‍ പഴയ പെയിന്റ് വരെ അവശേഷിക്കുന്ന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു അദ്ദേഹം കണ്ടെത്തിയ പ്രതിവിധി.
2019 മുതല്‍ അദ്ദേഹം ഇത്തരത്തിലുള്ള രണ്ട് ഡസനിലധികം പെയിന്റിംഗുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മനിലയിലുള്ള തന്റെ അയല്‍പക്കങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ഇതിനായി പരിസ്ഥിതി കാമ്ബെയ്ന്‍ ആരംഭിച്ചതിനുശേഷം തന്റെ കോണ്‍ടാക്റ്റുകളില്‍ നിന്നോ ലഭിക്കുന്ന സംഭാവനകളിലൂടെയോയാണ് അദ്ദേഹം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്.

അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്‌, മനുഷ്യര്‍ ശരാശരി 25 മിനിറ്റ് നേരം പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ഭീകരമായ വസ്തുത പ്ലാസ്റ്റിക് ബാഗുകള്‍ പൊടിഞ്ഞില്ലാതാകാന്‍ ഒരു നൂറ്റാണ്ട് മുതല്‍ 500 വര്‍ഷം വരെ എടുക്കും എന്നുള്ളതാണ്. ഓരോ മിനിറ്റിലും ലോകമെമ്ബാടുമായി 10 ലക്ഷം പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് ബാഗുകളും മാലിന്യങ്ങളും ജലാശയങ്ങളിലൂടെ സമുദ്രങ്ങളില്‍ എത്തിച്ചേരുന്നു, അതിനാല്‍ സമുദ്രമാലിന്യങ്ങളില്‍ എണ്‍പത് ശതമാനവും പ്ലാസ്റ്റിക് ആണെന്ന് ഗവേഷണങ്ങള്‍ പറയുന്നു.

Related Articles

Back to top button