IndiaLatest

മനുഷ്യക്കടത്ത് ബില്ലി’ന്റെ കരടുമായി കേന്ദ്രം

“Manju”

ഡല്‍ഹി: ചെറിയ കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്കാന്‍ വ്യവസ്ഥ ചെയ്യുന്ന ‘മനുഷ്യക്കടത്ത് ബില്ലി’ന്റെ കരട് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു. ആളുകളെ കടത്തുന്ന എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയലും, പീഡനത്തിനെതിരായ പ്രതിരോധവുമാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

സ്ത്രീകളെയും, 12 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കടത്തിക്കൊണ്ട് പോവുകയും പീഡിപ്പിക്കുകയും ചെയ്താല്‍ 20 വര്‍ഷം തടവും 30 ലക്ഷം രൂപ വരെ പിഴയും നല്‍കാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ വധശിക്ഷ നല്‍കാനും നിര്‍ദ്ദേശിക്കുന്നു. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം വരെ കഠിന തടവോ, ജീവപര്യന്തമോ 10 ലക്ഷം രൂപവരെ പിഴയോ നല്‍കും. 12 വയസ്സില്‍ കൂടുതലുള്ള കുട്ടികളാണെങ്കില്‍ 10 വര്‍ഷം തടവും 15 ലക്ഷം രൂപ പിഴയുമാണ് നിര്‍ദ്ദേശിക്കുന്നത്. കടത്തലില്‍ ഒന്നിലേറെ കുട്ടികളുണ്ടെങ്കില്‍ 14 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപവരെ പിഴയുമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത് .

അധികാര ദുര്‍വിനിയോഗം ചെയ്ത് കുറ്റം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ജീവിതാന്ത്യം വരെ തടവും 30 ലക്ഷം രൂപവരെ പിഴയും ശിക്ഷയായി ലഭിക്കും. ഇരകളുടെ പാസ്പോര്‍ട്ട് മുതലായവ തടഞ്ഞുവയ്ക്കല്‍, കൃത്രിമം കാണിക്കല്‍ എന്നിവയ്ക്ക് 10 വര്‍ഷം തടവും 20 ലക്ഷം രൂപ പിഴയുമാണ് നിര്‍ദേശിക്കുന്നത്. ഇരയുടെ പേരോ വിവരങ്ങളോ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിന് 7 വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ ഇരയുടെ പേര് വെളിപ്പെടുത്തിയാല്‍ 2 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

Related Articles

Back to top button