LatestThiruvananthapuram

കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കേരളം സജ്ജം: ആരോഗ്യമന്ത്രി

“Manju”

തിരുവനന്തപുരം: 18 വയസിനു താഴെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ കേരളത്തില്‍ പൂര്‍ത്തിയായതായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രം അനുമതി നല്‍കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു. കുഞ്ഞുങ്ങളിലെ വാക്സിന്‍ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും നടന്നുകൊണ്ടിരിക്കുകയാണെന്നും വാക്സിന്‍ വിതരണം സെപ്തംബറില്‍ തന്നെ ആരംഭിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഐ സി എം ആറിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെ ഡയറക്ടര്‍ ഡോ പ്രിയാ എബ്രഹാം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരത്ത് ആരംഭിച്ച ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ വിജയകരമായാല്‍ കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. തിരുവനന്തപുരം വിമണ്‍സ് കോളേജിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം സര്‍ക്കാര്‍ മേഖലയില്‍ പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാന്‍ എടുത്ത തീരുമാനത്തില്‍ എന്തെങ്കിലും അവ്യക്തതകളുണ്ടെന്ന് കണ്ടെത്തിയാല്‍ തിരുത്തുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു.

മറ്റുള്ള ചികിത്സകള്‍ക്ക് ഇതിനു മുമ്പും സര്‍ക്കാര്‍ മേഖലയില്‍ പണം ഈടാക്കുന്നുണ്ടായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാലാണ് ടി.പി.ആര്‍. കൂടി നില്‍ക്കുന്നത്. കേരളത്തില്‍ രോഗബാധയുള്ള ആറിലൊരാളെ പരിശോധനയിലൂടെ കണ്ടെത്തുമ്പോള്‍ ദേശീയ തലത്തില്‍ അത് മുപ്പത്തിമൂന്നില്‍ ഒരാളെ മാത്രമാണെന്ന് മന്ത്രി പറഞ്ഞു.

Related Articles

Back to top button