InternationalLatest

കുവൈറ്റില്‍ നിന്ന് രാജിവയ്ക്കുന്ന നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നു

“Manju”

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതോടൊപ്പം, കുവൈറ്റില്‍ നിന്ന് രാജിവയ്ക്കുന്ന നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നതും ആരോഗ്യമേഖലയ്ക്ക് പ്രതിസന്ധിയാവുകയാണ്. രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മൂലം കുവൈറ്റിലെ ആരോഗ്യപ്രവര്‍ത്തകരുടെ ജോലിഭാരവും ഇരട്ടിയാവുകയാണ്.
രണ്ട് വര്‍ഷത്തോളമായി കാര്യമായി അവധി ലഭിക്കാത്തതാണ് നഴ്‌സുമാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. രാജിവച്ചവര്‍ക്ക് സെറ്റില്‍മെന്റ് തുക ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒന്നര വര്‍ഷം മുമ്പത്തെ ഓവര്‍ടൈം അലവന്‍സ് കിട്ടിന്നില്ലെന്നും ചിലര്‍ ആരോപണമുന്നയിച്ചു.
കുട്ടികളെ നോക്കാന്‍ ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കാത്തതാണ് നഴ്‌സുമാര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. ഇത്തരം കാരണങ്ങള്‍ മൂലം കുവൈറ്റില്‍ നിന്ന് രാജിവച്ച് മറ്റിടങ്ങളില്‍ തൊഴില്‍ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
കൂടുതല്‍ പേരും യുകെ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചെക്കേറുന്നത്. ഇവിടങ്ങളില്‍ കൂടുതല്‍ ഒഴിവുകളുള്ളതും, ഐഇഎല്‍ടിഎസ് കടമ്പ ലഘൂകരിച്ചതിനാലും നഴ്‌സുമാര്‍ ഇത്തരം രാജ്യങ്ങള്‍ പുതിയ തൊഴിലിടമായി തിരഞ്ഞെടുക്കുന്നു.
നേരത്തെ കുവൈറ്റില്‍ നിന്ന് നിരവധി ഡോക്ടര്‍മാര്‍ രാജിവച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആവശ്യത്തിന് അവധി ലഭിക്കാത്തതാണ് രാജി വയ്ക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് ഡോക്ടര്‍മാരും പറഞ്ഞിരുന്നത്.
എന്നാല്‍, ആവശ്യത്തിന് അവധി നിഷേധിച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. മെയ് 27 മുതല്‍ ജൂണ്‍ 29 വരെയുള്ള കാലയളവില്‍ 1,641 ഡോക്ടര്‍മാര്‍ക്ക് അവധി ലഭിച്ചതായി മന്ത്രാലയം പറയുന്നു. ഡോക്ടര്‍മാരുടെ അവധി നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കുലറുകള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
എന്തായാലും നഴ്‌സുമാരുടെ രാജിയും, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതും നിലവില്‍ കുവൈറ്റില്‍ ജോലി ചെയ്യുന്ന മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ജോലിഭാരമാണ് സമ്മാനിക്കുന്നത്.

Related Articles

Back to top button