IndiaKeralaLatest

സ്വാമി പ്രകാശാനന്ദയുടെ വിയോഗം ; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

“Manju”

ന്യൂഡൽഹി : ശിവഗിരി മുൻ മഠാധിപതി പ്രകാശാനന്ദ സ്വാമിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്. ഇവർക്ക് പുറമേ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി.

സ്വാമി പ്രകാശാനന്ദന്റെ വിയോഗം ആത്മീയ മൂല്യങ്ങളും സാമൂഹിക ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള യാത്രയ്ക്കാണ് വിരാമമിട്ടതെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ പാരമ്പര്യം ലോകമെമ്പാടും പ്രചരിപ്പിച്ച മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്വാമി പ്രകാശാനന്ദയുടെ ശിഷ്യന്മാരുടെയും അനുയായികളുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അറിവിന്റെയും ആത്മീയതയുടെയും നിറ ദീപമായിരുന്നു സ്വാമി പ്രകാശാനന്ദയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം പാവങ്ങളെ ശക്തിപ്പെടുത്തി. ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുൻ നിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

ആധ്യാത്മിക നേതാവും, വലിയ പണ്ഡിതനുമാണ് സ്വാമി പ്രകാശാനന്ദയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന മഹത് വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയും, അനുയായികളുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും വെങ്കയ്യനായിഡു അനുശോചിച്ചു.

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സമാധി ഏറെ ദുഖകരമാണ്. മാനവികതയുടെ നന്മക്കായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. സ്വാമിജിയുടെ ചിന്തകളും ആദർശങ്ങളും നമ്മുടെ മാതൃരാജ്യത്തെയും മാനവികതയെയും സേവിക്കാൻ നമുക്ക് പ്രേരണയാകട്ടെ- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

Related Articles

Back to top button