KeralaLatestThrissur

സമ്പൂര്‍ണ ശുചിത്വവുമായി ഇക്കോ – ഗ്രീന്‍ കമ്മറ്റികള്‍

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

സമ്പൂര്‍ണ്ണ ശുചിത്വ നഗരമായി കുന്നംകുളം നഗരസഭയെ പ്രഖ്യാപിക്കുന്നതിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ് തലത്തില്‍ ഇക്കോ-ഗ്രീന്‍ – സാനിറ്റേഷന്‍ കമ്മറ്റികളുടെ (പരിസര-ഹരിത-ശുചിത്വ സമിതികള്‍) രൂപീകരണം ആരംഭിച്ചു. ചൊവ്വാഴ്ചയോടെ (ഓഗസ്റ്റ് 10) എല്ലാ വാര്‍ഡുകളിലും കമ്മറ്റി രൂപീകരണം പൂര്‍ത്തിയാവും.

ഓഗസ്റ്റ് 2 ന് ആരംഭിച്ച നല്ല വീട് നല്ല നഗരം പദ്ധതിയുടെ രണ്ടാംഘട്ട ശുചിത്വ പരിപാടിയുടെ ഭാഗമായി നഗരസഭയിലെ 37 വാര്‍ഡുകളിലും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് ഇക്കോ ഗ്രീന്‍ കമ്മറ്റികളുടെ രൂപീകരണം ആരംഭിച്ചത്. വിവിധ വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഇക്കോ- ഗ്രീന്‍ കമ്മറ്റികളുടെ യോഗവും നടത്തുന്നുണ്ട്.

വാര്‍ഡ് കൗണ്‍സിലര്‍, അംഗീകൃത ആര്‍ ആര്‍ ടി അംഗങ്ങള്‍, വാര്‍ഡില്‍ നിലവിലുള്ള ഗ്രീന്‍ വോളണ്ടിയേഴ്‌സ്, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ സി ഡി എസ്, എഡിഎസ് അംഗങ്ങള്‍, ജൂണ്‍ 7 ലെ ഡ്രൈഡേയില്‍ (കരുതല്‍) സ്‌ക്വാഡ് ലീഡര്‍മാരായി പ്രവര്‍ത്തിച്ചവര്‍, വാര്‍ഡില്‍ ഘടകങ്ങളുള്ള അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍, ക്ലസ്റ്റര്‍ യോഗങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നിയോഗിച്ചിട്ടുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള 30 മുതല്‍ 35 പേരടങ്ങുന്നതാണ് ഇക്കോ ഗ്രീന്‍ സാനിറ്റേഷന്‍ കമ്മറ്റികള്‍.

വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഏതെങ്കിലും ഒരു ഉറവിട മാലിന്യ സംസ്‌ക്കരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുന്നതിനും ഈ കമ്മറ്റികള്‍ ഇടപെടല്‍ നടത്തും. പരിപാടിയുടെ ഭാഗമായുള്ള ശുചിത്വ അയല്‍ക്കൂട്ടങ്ങളും കമ്മറ്റികളുടെ നേത്യത്വത്തില്‍ നടക്കും.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ വൈകീട്ട് 7.30 ന് നഗരപ്രദേശത്തെ മുഴുവന്‍ വീടുകളിലും ശുചിത്വ ദീപം തെളിയിക്കുന്നതിനും ശുചിത്വ പ്രതിജ്ഞ എടുക്കുന്നതിനും ഇക്കോ ഗ്രീന്‍ കമ്മറ്റികള്‍ നേതൃത്വം നല്‍കും. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമ്പൂര്‍ണ ശുചിത്വ പരിപാടി ‘നല്ല വീട് നല്ല നഗരം’ പദ്ധതി വിജയിപ്പിക്കുന്നതിന് ഏവരും ഇക്കോ ഗ്രീന്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് നഗരസഭ ചെയര്‍പേര്‍സണ്‍ സീതാ രവീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button