KeralaLatest

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് സ്ഥലമേറ്റെടുപ്പ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും

“Manju”

ആലുവ: സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ടത്തിന്റെ മഹിളാലയം മുതല്‍ കളമശേരി എച്ച്‌.എം.ടി. വരെയുള്ള ഭാഗത്തെ സ്ഥലമേറ്റെടുപ്പ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്‍വര്‍സാദത്ത് എം.എല്‍.എ. പറഞ്ഞു. മൂന്നാമതും ജനപ്രതിനിധിയായ ശേഷം ആലുവ മീഡിയ ക്ലബ്ബ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലുവ കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിന്റെ പൂര്‍ത്തിയാക്കല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് വൈകുന്നത്. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 8.64 കോടി രൂപ ഇതിനായി അനുവദിച്ചിട്ടും മെല്ലെപോക്ക് നയമാണ് സ്വീകരിച്ചത്. എങ്കിലും 80 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ആറ് മാസത്തിനകം ടെര്‍മിനല്‍ തുറന്ന് കൊടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലുവ പാര്‍ക്ക് അടക്കം നവീകരിക്കും. മെട്രോ സൗന്ദര്യവത്കരണം മെട്രോ സ്‌റ്റേഷന്റെ 500 മീറ്റര്‍ ചുറ്റളവിലേക്ക് നീട്ടുവാനുള്ള സര്‍വ്വേ നടന്നു വരുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലെ കാല്‍നടപ്പാലത്തിലേക്ക് നടപ്പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മെട്രോ റെയില്‍ അങ്കമാലി, നെടുമ്പാശേരി എന്നിവിടങ്ങളിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

മണ്ഡലത്തിലെ 13 റോഡുകള്‍ ബി.എം. ബി.സി. നിലവാരത്തില്‍ ടാറ് ചെയ്യും. ആലുവ മൂന്നാര്‍ റോഡ് വികസന പദ്ധതി നടപ്പിലാക്കിയാല്‍ ഇതേ റോഡുകല്‍ലെ കൈയ്യേറ്റം പൂര്‍ണമായും ഇല്ലാതാകും. ആലുവ നഗരത്തിലെ റോഡ് വികസനത്തിന്റെ പഠനത്തിനായി നാറ്റ്പാകിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് ജോസി.പി. ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു.

Related Articles

Back to top button