International

വൈദ്യുതാഘാതത്തെ തുടർന്ന് കൈകൾ നഷ്ടമായി: 23 വർഷങ്ങൾക്ക് ശേഷം പുതുകരങ്ങൾ

“Manju”

വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ നഷ്ടപ്പെട്ട കൈകള്‍ വീണ്ടും കിട്ടിയതിന്റെ സന്തോഷത്തിലാണ് ഐസ്‌ലന്‍ഡിലെ ഫെലിക്‌സ് ഗ്രെറ്റര്‍സണ്‍ എന്ന നാല്‍പത്തിയൊന്‍മ്പതുകാരന്‍. ഇരുപത്തിമൂന്നു വര്‍ഷം മുമ്പ് വൈദ്യുതാഘാതത്തെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ഫെലിക്‌സിന് ഇരുകൈകളും നഷ്ടമായത്. കൈകള്‍ക്ക് തീ പിടിക്കുകയായായിരുന്നു. ശേഷം 53 ശസ്ത്രക്രിയകള്‍ നടത്തി. മൂന്നുമാസത്തോളം കോമയില്‍ ആയിരുന്നു. ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെങ്കിലും ഗുരുതരമായതിനാല്‍ രണ്ടു കൈകളും മുറിച്ചു മാറ്റേണ്ടി വന്നു. എന്നാല്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നതോടു കൂടി തന്റെ കൈകളില്ല എന്ന വിഷമം അദ്ദേഹത്തെ മാനസികമായി തളര്‍ത്തി.

പിന്നീട് ഐസ്‌ലന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സര്‍ജനായ ഡോക്ടര്‍ ജീന്‍ മൈക്കള്‍ ഡുബെര്‍നാര്‍ഡ് 1988 ആദ്യമായി ഒരു കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു എന്നതിനെക്കുറിച്ചുള്ള പരസ്യം കണ്ടതോടു കൂടിയാണ് ഫെലിക്‌സിന്റെ ജീവിതത്തില്‍ മാറ്റം സംഭവിച്ചത്. പരസ്യം കണ്ട ഉടനെ തന്നെ ഫെലിക്‌സ് ഡോക്ടറുമായി ബന്ധപ്പെടുകയും തുടര്‍ന്ന് നാലുവര്‍ഷത്തിനു ശേഷം ആ അപേക്ഷ ഡോക്ടര്‍ പരിഗണിക്കുകയും ചെയ്തു. പക്ഷേ ചിലവ് കൂടുതലാണ്, ഒപ്പം ശസ്ത്രക്രിയയ്‌ക്ക് ഫ്രാന്‍സില്‍ എത്തുകയും വേണം.

അതോടെ പണം സ്വരൂപിക്കാനായി ഫണ്ട് ശേഖരണം ആരംഭിച്ചു.പിന്നീട് 2021 ജനുവരി 11 ന് ഫെലിക്‌സിന്റെ കൈകളുമായി സാമ്യമുള്ള ഒരു ഡോണറെ ലഭിച്ചുവെന്ന കോള്‍ അദ്ദേഹത്തെ തേടിയെത്തി. തുടര്‍ന്ന് 15 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു. ഏറെനാളത്തെ വിശ്രമത്തിനു ശേഷം ഇപ്പോള്‍ ഫെലിക്‌സിന് കൈകള്‍ ചലിപ്പിക്കാം. എന്നാല്‍ ഞരമ്പുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയാല്‍ മാത്രമേ കൈകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനായുള്ള കാത്തിരിപ്പിലാണ് ഫെലിക്‌സ്.

Related Articles

Back to top button