IndiaLatest

ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്

“Manju”

സൗരോര്‍ജത്തിന്റെ ലഭ്യത മെച്ചപ്പെടുത്താൻ ലോകത്തിനു മുന്നില്‍ ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് (One Sun One World One Grid (OSOWOG)) എന്ന ആഹ്വാനം മുന്നോട്ടു വെച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 രാജ്യങ്ങളുടെ കാലാവസ്ഥാ ഉച്ചകോടിക്കിടെ നടന്ന പരിപാടിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഭാവിയെക്കുറിച്ചോ സുസ്ഥിരതയെക്കുറിച്ചോ വളര്‍ച്ചയെക്കുറിച്ചോ വികസനത്തെക്കുറിച്ചോ ഉള്ള ഒരു ചര്‍ച്ചയും ഊര്‍ജത്തെക്കുറിച്ചു സംസാരിക്കാതെ പൂര്‍ത്തിയാകില്ല. വ്യക്തികള്‍ മുതല്‍ രാജ്യങ്ങള്‍ വരെയുള്ള എല്ലാ തലങ്ങളിലുമുള്ള വികസനത്തെ അത് സ്വാധീനിക്കുന്നു”, മോദി പറഞ്ഞു,

140 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള സൗരോര്‍ജ്ജ ഗ്രിഡ്  2021 നവംബറില്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയിരുന്നു. ഇത് സൗരോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വലിയ ചുവടുവെയ്പായിരുന്നു. ഇന്ത്യ‍ മുന്നോട്ടു വെച്ച ഏറ്റവും വലിയ പുനരുപയോഗ പദ്ധതികളില്‍ ഒന്നു കൂടിയാണിത്.

ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്നത് ഒരു വലിയ ആശയമാണ്. ലോകത്തിനു മുഴുവനും ശുദ്ധവും ഹരിതവുമായ ഭാവി ഉണ്ടാകണമെങ്കില്‍, പരസ്പരബന്ധിതമായ ഇത്തരം അന്തര്‍ദേശീയ ഗ്രിഡുകള്‍ ഉണ്ടാകണം”, ഗ്ലാസ്‌ഗോയിലെ തന്റെ പ്രസംഗത്തിനിടെ മോദി പറ‍ഞ്ഞു.

എന്താണ് ഇന്ത്യ മുന്നോട്ടു വെച്ച ഈ ആശയം എന്ന് വിശദമായി മനസിലാക്കാം.

ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്നത് ആഗോളതലത്തില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള സോളാര്‍ പവര്‍ ഗ്രിഡുകളുടെ ആദ്യ അന്താരാഷ്ട്ര ശൃംഖലയാണ്. വൻതോതിലുള്ള സോളാര്‍ പവര്‍ പ്ലാന്റുകള്‍, കാറ്റാടി ഫാമുകള്‍, ഗ്രിഡുകള്‍ എന്നിവയെ സമന്വയിപ്പിക്കുകയും റൂഫ്‌ടോപ്പ് സോളാര്‍, കമ്മ്യൂണിറ്റി ഗ്രിഡുകള്‍ എന്നിവയെല്ലാം ഉപയോഗിച്ച്‌ എല്ലാവര്‍ക്കും സ്ഥിരവും വിശ്വസനീയവും ശുദ്ധവുമായ ഊര്‍ജം ഉറപ്പു നല്‍കുകയും ചെയ്യുന്നു. ‘സൂര്യൻ ഒരിക്കലും അസ്തമിക്കുന്നില്ല’ എന്നതാണ് ഈ പദ്ധതിയുടെ മുദ്രാവാക്യം.

ഇന്റര്‍നാഷണല്‍ സോളാര്‍ അലയൻസ് (ഐഎസ്‌എ), ലോക ബാങ്ക് എന്നിവരുമായി സഹകരിച്ച്‌ ഇന്ത്യയിലെയും, യുകെയിലെയും സര്‍ക്കാരുകളാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ലോക രാജ്യങ്ങള്‍ക്ക് ആവശ്യമായ പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ, വിവിധ സര്‍ക്കാരുകള്‍, അന്താരാഷ്ട്ര സാമ്പത്തിക സംഘടനകള്‍, സാങ്കേതിക സംഘടനകള്‍, നിയമനിര്‍മാതാക്കള്‍, പവര്‍ സിസ്റ്റം ഓപ്പറേറ്റര്‍മാര്‍, എന്നിവരെല്ലാം ചേര്‍ന്ന ആഗോള കൂട്ടായ്മയും രൂപീകരിക്കും.

പദ്ധതിയുടെ ലക്ഷ്യം

2018 അവസാനത്തോടെയാണ് ഐഎസ്‌എയുടെ ആദ്യ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ഒരൊറ്റ ആഗോള സോളാര്‍ ഗ്രിഡ് എന്ന ആശയം അവതരിപ്പിച്ചത്. വിവിധ മേഖലകള്‍, സീസണുകള്‍, വിഭവങ്ങള്‍, ചെലവുകള്‍ എന്നിവയെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഇന്റര്‍റീജിയണല്‍ എനര്‍ജി സിസ്റ്റങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതി ലക്ഷ്യം വെയ്ക്കുന്നു. കൂടാതെ പരിസ്ഥിതി സൗഹൃദമായ ഊര്‍ജ വിഭവങ്ങളെ ആശ്രയിക്കാൻ കൂടുതല്‍ രാജ്യങ്ങളെ പദ്ധതി പ്രേരിപ്പിക്കും.

കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും, നൂതന സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും, ഇതിനായി വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഒരുമിച്ചുകൂട്ടാനും ഈ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നതായും ഐഎസ്‌എ വെബ്സൈറ്റില്‍ പറയുന്നു.

 

Related Articles

Back to top button