IndiaLatest

ബഹിരാകാശത്ത് ചരിത്രനേട്ടത്തിനൊരുങ്ങി രാജ്യം

“Manju”

വിശാഖപട്ടണം: ഇന്ത്യയുടെ ജിയോ -ഇമേജിംഗ് ഉപഗ്രഹമായ ജി സാറ്റ് -1 വിക്ഷേപണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായാണിത്. 12 ന് രാവിലെ 5.43 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും.
ഇന്ത്യയുടെ ഏറ്റവും നൂതനമായ ജിയോ-ഇമേജിംഗ് ഉപഗ്രഹമാണ് ജിസാറ്റ് -1. പാകിസ്ഥാന്‍, ചൈന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഉപഭൂഖണ്ഡത്തിന്റെ നിരീക്ഷണം ശക്തമാക്കും.

ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി എഫ് -10 റോക്കറ്റാണ് 2,268 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -1 ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡ് മൂലം ജിസാറ്റ് -1 വിക്ഷേപണം മാറ്റിവച്ചിരുന്നു. ദിവസം നാലഞ്ച് തവണ രാജ്യത്തെ മുഴുവനായി ചിത്രീകരിക്കാന്‍ ഉപഗ്രഹത്തിന് കഴിയും. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ജലസ്രോതസുകള്‍, വിളകള്‍, സസ്യജാലങ്ങളുടെ അവസ്ഥ, വനമേഖലയിലെ മാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കാനും സജ്ജമാണെന്നും ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷത്തെ ആദ്യ പ്രധാന ഉപഗ്രഹ വിക്ഷേപണമാണിത്. ഫെബ്രുവരിയില്‍ ബ്രസീലിന്റെ ഉപഗ്രഹമായ ആമസോണിയ-1 നൊപ്പം രാജ്യത്ത് വികസിപ്പിച്ചവ ഉള്‍പ്പെടെ 18 ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു.

Related Articles

Back to top button