KeralaLatestUncategorized

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 20 കോടി വരെ വായ്പ: കെ എഫ് സി

“Manju”

കൊച്ചി: വ്യാവസായിക മേഖലയ്ക്ക് പുറത്തു പ്രവര്‍ത്തിക്കുന്ന ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക വായ്പാ പദ്ധതിയുമായി കെഎഫ്‌സി. സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട- ഇടത്തരം സംരംഭങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് വ്യാവസായിക മേഖയ്ക്ക് പുറത്താണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി ആരംഭിക്കാന്‍ കെഎഫ്‌സി തീരുമാനിച്ചത്. ഉത്പാദന, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ആവശ്യക്കാര്‍ക്ക് ടേം വായ്പ, ഹ്രസ്വകാല വായ്പ, മൂലധന വികസന വായ്പ എന്നിവ അനുവദിക്കുമെന്നു കെ.എഫ്.സി അറിയിച്ചു. പുതിയ ശാഖകളും പ്ലാന്റുകളും ആരംഭിക്കുന്നതിനും നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്.

സംരംഭങ്ങള്‍ക്കാവശ്യമായ യന്ത്രങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന് ബാങ്ക് വായ്പകള്‍ക്കാവശ്യമായ ഗ്യാരണ്ടിയും നല്‍കും. പൊതുമേഖലാ കമ്പനികള്‍, സ്വകാര്യ കമ്പനികള്‍, അര്‍ദ്ധ സര്‍ക്കാര്‍ കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവയ്ക്ക് 20 കോടി രൂപ വരെയാകും വായ്പ അനുവദിക്കുന്നത്. പങ്കാളിത്ത സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, ഒരു വ്യക്തി തന്നെ നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പരമാവധി എട്ടു കോടി രൂപ വരെയാണ് വായ്പ നല്‍കുന്നത്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനു പ്രൊജക്‌ട് മൂല്യത്തിന്റെ 66 ശതമാനം വരെ ടേം വായ്പ അനുവദിക്കും. നിബന്ധനകള്‍ക്കു വിധേയമായി 75 ശതമാനം വരെ വായ്പ ലഭിക്കും. നിലവിലെ സംരംഭങ്ങളുടെ വികസനത്തിനായി പ്രൊജക്‌ട് മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ അനുവദിക്കുമെന്നും മൂലധന വികസന വായ്പകള്‍ പദ്ധികള്‍ക്കനുസരിച്ചു മാറുമെന്നും കെഎഫ്‌സി അറിയിച്ചു.

Related Articles

Back to top button