IndiaLatest

റോഡ് സുരക്ഷ പഠിപ്പിക്കാൻ അധ്യാപകർക്ക് പരിശീലനം

“Manju”

തിരുവനന്തപുരം: പത്തുവരെയുള്ള വിദ്യാർഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകും. ഇതിന്റെ കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റി തയ്യാറാക്കി. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിനാണ് (നാറ്റ്പാക്ക്) പരിശീലന ചുമതല. ഒരു വർഷത്തിനുള്ളിൽ 7000 അധ്യാപകർക്ക് പരിശീലനം നൽകും.

റോഡ് സുരക്ഷാ അതോറിറ്റിയാണ് പുസ്തകം അച്ചടിക്കുക. റോഡ് സുരക്ഷ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഹയർ സെക്കൻഡറിക്ക് പ്രത്യേക പുസ്തകം ഉണ്ടെങ്കിലും പത്തുവരെയുള്ള ക്ലാസുകളിൽ അങ്ങനെ ഉണ്ടാകില്ല. പകരം കൈപ്പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങൾ അധ്യാപകർ പഠിപ്പിക്കും. പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ പഠനരീതിയും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പുസ്തകം തയ്യാറാക്കുന്നതിൽ എസ്.സി.ഇ.ആർ.ടി.യും പങ്കാളിയായിരുന്നു.

റോഡ് സുരക്ഷയിൽ അധ്യാപകർക്ക് പ്രായോഗിക പരിശീലനവും നൽകും. ആദ്യ ബാച്ചിലെ അധ്യാപകർ സ്കൂളിലെ മറ്റ് അധ്യാപകർക്ക് പരിശീലനം നൽകും. 2021-ലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ റോഡപകടങ്ങൾ കുറയ്ക്കാൻ തയ്യാറാക്കിയ കർമ പദ്ധതിയുടെ ഭാഗമാണ് സ്കൂൾതലങ്ങളിലെ റോഡ് സുരക്ഷാ പഠനം.

Related Articles

Back to top button